കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട വിചാരണ. യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
ബുധനാഴ്ച വൈകിട്ട് നാലരയോടെ പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം . മർദ്ദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് യുവാക്കൾ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കഞ്ചാവ് വിൽക്കുവാനോ വാങ്ങുവാനോ വന്നവർ എന്ന് ആരോപിച്ചായിരുന്നു ഉപദ്രവം.
പെരുമ്പാവൂര്‍ ഭായി കോളനിക്ക് സമീപം വച്ച് ആറു പേർ യുവാക്കളെ മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി മുട്ടുകാലിൽ നിര്‍ത്തിയ ശേഷം സമീപത്ത് കട നടത്തുന്ന ബാര്‍ബറെ കൂട്ടിക്കൊണ്ട് വരികയും തല മുണ്ഡനം ചെയ്യുകയായിരുന്നു. തുടർന്ന് പൊതുജന മധ്യത്തിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തു.
സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം മൂന്ന് യുവാക്കള്‍ സ്ഥലത്ത് എത്തിയതിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















