നാദാപുരം (കോഴിക്കോട്): കോഴിക്കോട്ട് നിന്ന് വയനാട്ടിലേക്കുള്ള ആനക്കാംപോയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വരുത്തിവെക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍, പരിസ്ഥിതിയെ മുറിവേല്‍പ്പിക്കാതെ യാഥാര്‍ത്ഥ്യമാക്കാവുന്ന വിലങ്ങാട്-വയനാട് ബദല്‍ പാതയ്‌ക്ക് പ്രാധാന്യമേറുന്നു. വന്‍തോതില്‍ കുന്നിടിക്കലോ പരിസ്ഥിതിക്ക് ഭീഷണിയാകുന്ന രീതിയില്‍ മലതുരക്കലോ ഇല്ലാതെ, രണ്ട് കിലോമീറ്റര്‍ മാത്രം പുതിയ റോഡ് നിര്‍മ്മിക്കുന്നതിലൂടെ മൂന്ന് ജില്ലകളെ ബന്ധിപ്പിക്കാന്‍ കഴിയുന്ന ‘വീരപഴശ്ശിരാജ റോഡ്’ നാല്‍പ്പത് വര്‍ഷമായി ഫയലുകളില്‍ വിശ്രമിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പാനോത്ത് നിന്ന് വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുങ്കിച്ചിറ വഴി കുഞ്ഞോത്ത് എത്തിച്ചേരുന്ന നിര്‍ദിഷ്ട ചുരമില്ലാത്ത റോഡ് ഒരു ജനതയുടെ നാല് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പാണ്. വയനാട്ടിലെ തുരങ്കപാത നിര്‍മ്മാണ മേഖലകളിലുണ്ടാകുന്ന പാരിസ്ഥിതിക ആശങ്കകളും അപകടങ്ങളും വലിയ വാര്‍ത്തയായി മാറുമ്പോള്‍, പ്രകൃതിക്ക് ആഘാതം ഏല്‍പ്പിക്കാതെ നിര്‍മ്മിക്കാവുന്ന ഈ പാതയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. ഖനനങ്ങളോ വന്‍കിട സ്‌ഫോടനങ്ങളോ നടത്താതെ തന്നെ വയനാട്ടിലേക്ക് സുരക്ഷിതമായ ഒരു ബദല്‍ പാതയൊരുക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.
നാല്‍പത് വര്‍ഷത്തെ ഫയല്‍ യുദ്ധവും ചരിത്ര പശ്ചാത്തലവും
1977-ല്‍ അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന കാന്തലോട്ട് കുഞ്ഞമ്പു ആണ് ഈ റോഡിന്റെ സാധ്യതകള്‍ പഠിക്കാനും തുടര്‍നടപടികള്‍ക്കുമായി ആദ്യമായി മന്ത്രിസഭായോഗത്തില്‍ ഫണ്ട് അനുവദിച്ചത്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടംപിടിച്ച, പഴശ്ശിരാജാവും കുറിച്യ പടയാളികളും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം നയിച്ച ചരിത്രഭൂമിയിലൂടെ കടന്നുപോകുന്നതിനാലാണ് ഇതിന് ‘വീരപഴശ്ശിരാജ റോഡ്’ എന്ന് നാമകരണം ചെയ്തത്. ബ്രിട്ടീഷ് ഭരണകാലത്ത് വയനാട്ടില്‍ നിന്ന് കുരുമുളക്, ഇഞ്ചി, ഏലം തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനായി പോര്‍ച്ചുഗീസുകാര്‍ വായാട് വനം വഴി കാനനപാതയിലൂടെ കുറിച്യരുടെയും പണിയരുടെയും സഹായത്തോടെ തലച്ചുമടായി വിലങ്ങാട് എത്തിക്കുകയും, അവിടെനിന്ന് കുതിരവണ്ടിയില്‍ തലശ്ശേരി കടപ്പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്ന ചരിത്രപരമായ ഒരു പാതയാണിത്. പഴശ്ശിരാജാവിന്റെ കാലത്ത് ഈ പാത ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം.
പാതയുടെ വിന്യാസവും നിലവിലെ അവസ്ഥയും
നിര്‍ദിഷ്ട പഴശ്ശിരാജ റോഡിന്റെ ആകെ നീളം 6940 മീറ്റര്‍ (ഏകദേശം 7 കിലോമീറ്റര്‍) മാത്രമാണ്. ഇതില്‍ ഭൂരിഭാഗവും നിലവില്‍ തന്നെ റോഡ് സൗകര്യമുള്ളതോ ഉപയോഗത്തിലുള്ളതോ ആയ ഭാഗങ്ങളാണ്. കണ്ടിവാതുക്കള്‍, ചിറ്റാരി, മാടാഞ്ചേരി, പറക്കാട്, പന്നിയേറി, കുറ്റല്ലൂര്‍, ഉരുട്ടി, അടുപ്പില്‍, വായാട് മട്ടില്ലം കോളനി, ചാപ്പ കോളനി, കുഞ്ഞോ കോളനി, ചിറക്കല്‍ കോളനി, ആലാറ്റില്‍ കോളനിയടക്കം 14-ഓളം ആദിവാസി കോളനികളുടെ പുരോഗതിക്കും ഈ റോഡ് ഉപകരിക്കും.
കേന്ദ്ര വനസംരക്ഷണ നിയമം അനുസരിച്ച് വനഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ 2004-ല്‍ വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്ത് ഈ വിഷയത്തില്‍ അടിയന്തിര യോഗം ചേരുകയും റോഡ് നിര്‍മ്മാണത്തിനാവശ്യമായ വനഭൂമിക്ക് പകരമായി നല്‍കേണ്ട ഭൂമി വിലയ്‌ക്കെടുത്ത് വനംവകുപ്പിന് കൈമാറാനും അതിനുള്ള തുക പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്താനും തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പ്രത്യേക സര്‍വേ പ്രകാരം, 4.3488 ഹെക്ടര്‍ വനഭൂമിയിലൂടെയുള്ള ഈ പാത വികസിപ്പിച്ചാല്‍ വന്‍തോതിലുള്ള പാരിസ്ഥിതിക നാശമില്ലാതെ കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വനസംരക്ഷണ നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുകയാണെങ്കില്‍ ഈ രണ്ട്കിലോമീറ്റര്‍ ദൂരം എളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളൂ.
തുരങ്കപാതകളിലെ ആശങ്കയും ബദലിന്റെ പ്രസക്തിയും
വയനാട് മേഖലയില്‍ പശ്ചിമഘട്ട മലനിര തുരന്നുകൊണ്ടുള്ള തുരങ്കപാത നിര്‍മ്മാണ മേഖലകളിലുണ്ടാകാവുന്ന മണ്ണിടിച്ചിലും അപകടങ്ങളും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ഇത്തരം വന്‍കിട നിര്‍മ്മാണങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അടിത്തറ ഇളക്കുമെന്ന ശാസ്ത്രീയ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ്, സ്വാഭാവിക ഭൂപ്രകൃതിക്ക് യാതൊരു കോട്ടവും വരുത്താത്ത വിലങ്ങാട്-വയനാട് പാതയുടെ പ്രസക്തി ചര്‍ച്ചയാകുന്നത്. അപൂര്‍വ്വ മരങ്ങളും ചെറുപാറകള്‍ക്കിടയിലൂടെ ഒഴുകുന്ന തോടുകളും നിറഞ്ഞ കാനനഭംഗി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇക്കോ-ടൂറിസം സാധ്യതകള്‍ കൂടി മുന്‍നിര്‍ത്തി ഈ പാത വികസിപ്പിക്കാന്‍ സാധിക്കും.
കണ്ണടച്ച് അധികൃതര്‍
വയനാടന്‍ ചുരങ്ങളിലെ ഗതാഗതക്കുരുക്കില്‍ പെടാതെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വയനാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്ന ഈ പരിസ്ഥിതി സൗഹൃദപാത യാഥാര്‍ത്ഥ്യമാക്കാന്‍ വനം-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തമായ അടിയന്തിര ഇടപെടലാണ് ഇനി ഉണ്ടാകേണ്ടത്.
ഈ റോഡിനു വേണ്ടി മാറി മാറി വന്ന ഇടത് വലത് സര്‍ക്കാര്‍ ഒരപേക്ഷ പോലും കേന്ദ്ര വനം മന്ത്രാലയത്തിന് നല്‍കാന്‍ തയ്യാറായിട്ടില്ല. അതേസമയം പുതിയ യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം നാദാപുരം എംഎല്‍എ വിലങ്ങാട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഈ റോഡിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഈ റോഡിനു വേണ്ടി നിരന്തരം യോഗങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഈ റോഡ് യാഥാര്‍ത്ഥ്യമായാല്‍ കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നശിച്ച വിലങ്ങാടിന് പുതിയൊരു ഉണര്‍വ് ഉണ്ടാകുകയും ചെയ്യും. റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ ഉടന്‍ തന്നെ കേന്ദ്ര വനം വകുപ്പ് മന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും പരിസ്ഥിതി വകുപ്പ് മന്ത്രിയും കാണുമെന്നും റോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ബിജെപി നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് എം.സി. അനീഷ് പറഞ്ഞു.












