കരുളായി: കരുളായി ടൗണ്‍ ഇനി സിസിടിവി നിരീക്ഷണത്തില്‍. ടൗണിലെ കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കുന്നതിനായി സ്വകാര്യ വ്യക്തിയുടെ സഹായത്തോടെയാണ് സിസി ടിവി സ്ഥാപിച്ചത്. കരുളായി അങ്ങാടിയും പരിസരവും ക്യാമറാ നിരീക്ഷണത്തിലാണ്.
അങ്ങാടിയുടെ ഹൃദയഭാഗത്ത് ഘടിപ്പിച്ച ക്യാമറകള്‍ 24 മണിക്കൂറും അങ്ങാടിയെ നിരീക്ഷിക്കും. ടൗണ്‍ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യകള്‍ കുറക്കുക, ടൗണില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ മറ്റ് ആളുകളുടെയും സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സിസി ടിവികള്‍ സ്ഥാപിച്ചിരിക്കുന്നത്.
സിസി ടിവി ടെക്‌നീഷ്യനായ ഷിഹാബാണ് പൂക്കോട്ടുംപാടം പോലീസുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കിയത്. നാല് ക്യാമറകളുടെ സഹായത്താല്‍ കരുളായി നിലമ്പൂര്‍ റോഡിലെ ടൗണിലെ മുഴുവന്‍ ഭാഗങ്ങളും പൂക്കോട്ടുംപാടം റോഡിലെ ജംഗ്ഷന്‍ മുതലുള്ള ഭാഗങ്ങളും നിരീക്ഷണത്തിലായിരിക്കും. ടൗണിലൂടെ ലൈസന്‍സ് ഇല്ലാതെയും ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരും റോഡില്‍ നിയമലംഘനങ്ങള്‍ നടത്തുന്നവരും പോലീസിന്റെ പിടിയിലാവുമെന്ന കാര്യത്തില്‍ സംശയമില്ല.
സ്വിച്ച് ഓഫ് കര്‍മ്മം പൂക്കോട്ടുംപാടം എസ്‌ഐ അമൃതരംഗന്‍ നിര്‍വ്വഹിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ ,മറ്റ് ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
















