ഇടുക്കി: താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ഫയലുകള്‍ മോഷ്ടിച്ച് കടത്തിയ ജീവനക്കാരനെ സസ് പെന്‍ഡ് ചെയ്തു. ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരന്‍ രാജേഷ് പി.ബിയാണ് സസ്‌പെന്‍ഷനിലായത്. സെപ്റ്റംബര്‍ 17ന് ഓഫീസില്‍ ആരും ഇല്ലാത്ത സമയത്ത് ജില്ലാ സപ്ലൈ ഓഫീസിലെത്തിയ ജീവനക്കാരന്‍ ചാക്കിനുളളില്‍ ഫയലുകള്‍ കയറ്റി ഓട്ടോറിക്ഷയില്‍ കടത്തികൊണ്ട് പോവുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ സി.സി.റ്റി.വി.യില്‍ പതിഞ്ഞു. സംഭവം കളക്ടറുടെ ഓഫീസിലെ ജീവനക്കാരും സെക്യൂരിറ്റിയും കണ്ടിരുന്നു. വിവരങ്ങള്‍ മുകളിലേക്ക് കൈമാറാതെ സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. ജില്ലാ സപ്ലൈ ഓഫീസര്‍ വിവരം പുറത്താകാതിരിക്കുവാന്‍ ഈ ജീവനക്കാരനെ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് സ്ഥലം മാറ്റി. റേഷന്‍ വ്യാപാരികളുടെ തട്ടിപ്പുകള്‍ പുറത്ത് വരാതിരിക്കുവാന്‍ ഇതുമായി ബന്ധപെട്ട ഫയലുകളാണ് മോഷ്ടിച്ചിരിക്കുന്നത് എന്നാണ് വിവരം.
















