കൊച്ചി: മലയാളത്തിലെ പരമ്പരാഗത നായകസങ്കല്പം നര്‍മ്മത്തിലൂടെ പൊളിച്ചടുക്കുന്ന ട്രീറ്റ് മെന്‍റാണ് എഡി ഗിരീഷിന്റെ സിനിമകളിലെ മാജികെന്ന് വിലയിരുത്തല്‍. തണ്ണീര്‍മത്തന്‍ ദിനങ്ങളിലും സൂപ്പര്‍ ശരണ്യയിലും പ്രേമലുവിലും ഇപ്പോള്‍ ബെത്ലഹേം കുടുംബയൂണിറ്റിലും ഇതേ ട്രീറ്റ്മെന്‍റാണ് നല്‍കിയിരിക്കുന്നത്.
പല വിധ പോരായ്‌മകളുമുള്ള സാധാരണക്കാരെയാണ് നായകനാക്കുന്നത്. “ഇയാള്‍ ഒരു സകലകലാവല്ലഭനാണ് ട്ടോ. ഇയാളാണ് ഇതിലെ ടോപ്പര്‍. ഇയാള്‍ക്കപ്പുറം ഈ വിഷയത്തില്‍ മറ്റൊരാളില്ല. എന്നൊക്കെ നമ്മള്‍ കേള്‍ക്കാറില്ലേ? അയാള്‍ ഗിറ്റാറില്‍ ടോപ്പറായിരിക്കും. പഠിപ്പില്‍ മിടുക്കനായിരിക്കും. അങ്ങിനെ പലരെക്കുറിച്ചും നമ്മള്‍ കേള്‍ക്കാറുണ്ട്. പക്ഷെ ഇങ്ങിനെ എല്ലാറ്റിലും ജയിച്ചുകയറുന്ന ആളുകളല്ല എന്റെ നായകര്‍. സാധാരണ നായകസങ്കല്‍പത്തെ ഡീ കണ്‍സ്ട്രക്റ്റ് ചെയ്യുകയാണ് ഞാന്‍ ചെയ്യുന്നത്. കാരണം ഞാനായാലും എന്റെ ചുറ്റുപാടുമുള്ള പലരായാലും പലവിധ പോരായ്‌മകള്‍ ഉള്ളവരാണ്. ആ പോരായ്‌മകള്‍ക്കുള്ളില്‍ നിന്നു തന്നെ അവര്‍ ചെറിയ വിജയം നേടിവരുന്നതാണ് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്, “- ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ് എഡി പറയുന്നു.
തമിഴിലെ സെല്‍വരാജാണ് തന്റെ ഇഷ്ടസംവിധായകനെന്നും സെല്‍വരാജിന്റെ സിനിമകള്‍ ധാരാളമായി കാണാറുണ്ടെന്നും ഗിരീഷ് പറയുന്നു. ഹീറോയിക് ക്വാളിറ്റി ഇല്ലാത്ത ആളുകളാണ് ശെല്‍വരാജിന്റെ സിനിമയിലെ നായകര്‍. കാതല്‍കൊണ്ടേന്‍ എന്ന സിനിമയെല്ലാം അതിന് ഉദാഹരണമാണ്.
വളരെ ഡ്രമാറ്റിക് ആയ സീനുകള്‍ വരുമ്പോള്‍ അതിനെ അധികം റൊമാന്‍റിസൈസ് ചെയ്യാതെ കാണുന്ന രീതിയാണ് ഗിരീഷ് എഡിയുടെ മറ്റൊരു പ്രത്യേകത. ഗൗരവമായ മൂഹൂര്‍ത്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഗൗരവം കുറയ്‌ക്കാന്‍ കുറച്ചു കോമഡി കൂടി ഇടും. ഇത് ഗിരീഷിന്റെ ഒരു തനത് ശൈലിയാണ്.
സിനിമയില്‍ കണ്ടുവരാത്ത കാര്യങ്ങളും ഡയലോഗുകളും ചേര്‍ക്കാനും വലിയ ഇഷ്ടമാണ്. ഇതും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. – ഗിരീഷ് എഡി പറയുന്നു.
















