കണ്ണൂര്‍: വിവര-പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ലാ ഭരണകൂടവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനവും ഔദ്യോഗിക ഭാഷ വാരാഘോഷവും കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു.
ഒാരോരുത്തരും തന്റെ ഭാഷയിലെ കൃതികളും പുസ്തകങ്ങളും കണ്ടെത്തുമ്പോഴാണ് വളരുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ പറഞ്ഞു. ഇന്നലെകളില്‍ നാം എങ്ങിനെയാണ് ജീവിച്ചത് എന്നതിന്റെ തെളിവാണ് നമ്മുടെ കഥകളും കവിതകളും. അന്യഭാഷയോടുള്ള അടിമത്തത്തിലൂടെ, അന്യഭാഷ നമ്മുടെ ഭാഷയെ കവരുന്നതിലൂടെ നമ്മുടെ സംസ്‌കാരമാണ് മരിക്കുന്നത്. നമ്മളേക്കാള്‍ വലുതാണ് മറ്റുള്ളത്് എന്ന് തോന്നുന്നത് മിഥ്യാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവര-പൊതുജന സമ്പര്‍ക്ക് വകുപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ‘ജനാധിപത്യം, മതനിരപേക്ഷത’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഡിബേറ്റ് മത്സരത്തിലെ ജേതാക്കള്‍ക്കും ശ്രേഷ്ഠഭാഷാ വാരാചരണത്തിന്റെ ഭാഗമായി റവന്യു വകുപ്പ് നടത്തിയ വിവിധ മത്സരവിജയികള്‍ക്കും എംപി സമ്മാനം വിതരണം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. എഡിഎം ഇ.മുഹമ്മദ് യൂസഫ് മലയാളദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. കളക്ടര്‍ ആസിഫ് കെ.യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി.അബ്ദുന്നാസര്‍, സി.എംഗോപിനാഥന്‍, കെ.ടി അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, അസി. എഡിറ്റര്‍ സി.പി അബ്ദുല്‍കരീം എന്നിവര്‍ സംസാരിച്ചു.
















