കണ്ണൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവുമാരുടെ ഒപി സന്ദര്‍ശനം തടഞ്ഞുകൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റപ്രസന്റേറ്റീവ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി ആവശ്യപ്പട്ടു. ഇത് തികച്ചും ഏകപക്ഷീയവും പതിനായിരക്കണക്കിന് തൊഴിലാളികളെ സാരമായി ബാധിക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കമ്പനികളുടെ വിവിധങ്ങളായ ചൂഷണങ്ങളെ നേരിടുന്ന തൊഴിലാളികളെ ജനവിരുദ്ധരായി ചിത്രീകരിക്കുന്നത് നീതീകരിക്കാനാവില്ല.
ഒപി സന്ദര്‍ശനവും കൂടിക്കാഴ്ചയും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെ സംഘടന നിരുത്സാഹപ്പെടുത്തുന്നുണ്ട്. മാത്രമല്ല പ്രധാന ആശുപത്രികളില്‍ ഒപി സമയം കഴിഞ്ഞാണ് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളേജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും നിരവധി നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട് റപ്രസന്റേറ്റീവുമാരെ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരായി കാണുന്നത് അംഗീകരിക്കാനാവില്ല.
അഭ്യസ്തവിദ്യരായ തൊഴിലാളികള്‍ കമ്പനികളില്‍ നിന്നു നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മിനിമം വേതനം പോലും ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിക്കുന്നില്ല. ഈ വിഭാഗം തൊഴിലാളികളുടെ തൊഴില്‍ നിര്‍വ്വഹിക്കുവാനോ ജോലി സമയം ക്രമപ്പെടുത്തുവാനോ കമ്പനികള്‍ തയ്യാറാവുന്നില്ല. ആയതിനാല്‍ തന്നെ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്നുണ്ട്.
ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പതിനായിരക്കണക്കിന് തൊഴിലാളികളെ ജനസമക്ഷം അപരാധികളായി ചിത്രീകരിക്കുന്ന നടപടികള്‍ ഇവരെ കൂടുതല്‍ അരക്ഷിതമാക്കും. ഈ അവസരത്തില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവ്മാരുടെ ഒപി സന്ദര്‍ശനം നിരോധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ബിഎംഎസ്ആര്‍എ ആവശ്യപ്പെട്ടു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന സമിതി അറിയിച്ചു.
വായ മൂടിക്കെട്ടി പ്രതിഷേധിച്ചു
ചെറുപുഴ: മാധ്യമ പ്രവര്‍ത്തകനും പരിസ്ഥിതി ഫോട്ടോഗ്രാഫറുമായ ഓസ്റ്റിന്‍ കുര്യനു (45) നേരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചെറുപുഴ ടൗണില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേലെ ബസാറില്‍ നിന്നും ആരംഭിച്ച പ്രകടനം ബസ്സ്റ്റാന്റ് ചുറ്റി തിരുമേനി റോഡ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം മോഹനന്‍ പലേരി ഉത്ഘാടനം ചെയ്തു. ജിനോ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.
എ.ജി.ഭാസ്‌ക്കരന്‍, മനോജ് ചെറുപുഴ, ടി.വി.വിജയന്‍, സിജി കട്ടക്കയം പ്രസംഗിച്ചു. ഓസ്റ്റിന്‍ കുര്യനെ മര്‍ദ്ദിച്ച സംഭവത്തില്‍ ചെറുപുഴ സ്വദേശി ഷാഹുലിനെതിരെ ചിറ്റാരിക്കാല്‍ പോലിസ് കേസ്സെടുത്തു. കാര്യങ്കോട് പുഴയുടെ ചെറുപുഴ ഭാഗത്ത് തീരത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി സര്‍വ്വീസ് സ്‌റ്റേഷന്‍ തുടങ്ങുന്നത് പുഴ മലിനികരണമുണ്ടാക്കുമെന്ന് കാണിച്ച് ചെറുപുഴയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയതിലുള്ള വിരോധമാണ് അക്രമത്തിനു കാരണം.
















