ശ്രീകണ്ഠാപുരം: കോണ്‍ഗ്രസ് ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതിയെച്ചൊല്ലി ചുഴലിയില്‍ കോണ്‍ഗ്രസ്സുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മണ്ഡലം സെക്രട്ടറിക്ക് പരിക്കേറ്റു. കീരികത്ത് അബ്ദുള്‍ മുത്തലീബിനാണ് കോണ്‍ഗ്രസ്സുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. 2013 ല്‍ ആരംഭിച്ച കോണ്‍ഗ്രസ്സ് ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കണക്കുകള്‍ പറയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഓഫീസ് നിര്‍മാണ ഫണ്ടിലേക്കായി 30 ലക്ഷത്തോളം രൂപ പിരിവെടുത്തതായി പറയപ്പെടുന്നു. എന്നാല്‍ ഇതിന്റെ പകുതി മാത്രമേ പൂര്‍ത്തിയായ ഓഫീസ് കെട്ടിടത്തിന് ചെലവായിട്ടുള്ളൂ. പത്തംഗ കമ്മറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു ഓഫീസ് നിര്‍മ്മാണം നടന്നത്. ഇതില്‍ കമ്മറ്റി ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നാല് അംഗങ്ങളാണ് പണം കൈകാര്യം ചെയ്തിരുന്നതെന്ന് മറുഭാഗം പറയുന്നു. നാല് വര്‍ഷം കഴിഞ്ഞിട്ടും കണക്കുകള്‍ അവതരിപ്പിക്കാത്തതിനെ തുടര്‍ന്ന് കമ്മറ്റിയിലെ ചിലര്‍ കെപിസിസി അടക്കമുള്ള മേല്‍ക്കമ്മറ്റികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കെട്ടിട നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് ഇരുഭാഗവും ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ്സില്‍ നിന്നും ചിലര്‍ രാജിവെക്കുന്നതായും സൂചനയുണ്ട്.
















