ഗുവാഹത്തി: വൈദ്യ പരിശോധനയ്‌ക്കിടെ വിദ്യാര്‍ത്ഥിനിയുടെ സ്തനങ്ങളില്‍ അനുചിതമായി സ്പര്‍ശിച്ച 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ഗുവാഹത്തി ഹൈക്കോടതി ശരിവച്ചു. എന്നാല്‍ ഗുവാഹത്തിയില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. അനുപ് കുമാര്‍ ബറുവയുടെ പ്രായം കണക്കിലെടുത്ത്, ശിക്ഷ രണ്ട് വര്‍ഷത്തെ തടവില്‍ നിന്ന് 5,000 രൂപ പിഴയായി ഹൈക്കോടതി ഇളവു ചെയ്തു.
വൈദ്യപരിശോധനയുടെ ഭാഗമായാണ് പെണ്‍കുട്ടിയുടെ മാറിടങ്ങളില്‍ സ്പര്‍ശിച്ചതെന്ന ഡോക്ടറുടെ വാദം കോടതി തള്ളി. ‘ക്രമരഹിതമായ ആര്‍ത്തവത്തിന്‌റെ കാരണങ്ങള്‍ കണ്ടെത്താനുള്ള പരിശോധനയില്‍ ഡോക്ടര്‍ വയറ്റില്‍ അല്ലെങ്കില്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചേക്കാം, എന്നാല്‍ ആരോപിക്കപ്പെടുന്നതുപോലെ അനുചിതമായി സ്തനങ്ങളില്‍ പിടിക്കേണ്ട ആവശ്യമില്ലെന്ന് ‘ കോടതി ചൂണ്ടിക്കാട്ടി.
2009 ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലിനിക്കില്‍ ചെന്നപ്പോള്‍ ഡോ. ബറുവ പരിശോധനയ്‌ക്കിടെ അനുചിതമായി സ്തനങ്ങളില്‍ സ്പര്‍ശിക്കുകയും അടിവസ്ത്രം അഴിക്കുകയും ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ബഹളം വച്ചതിനെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.
കേസില്‍ 2013 ല്‍ ചീഫ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡോക്ടര്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. 2014-ല്‍ സെഷന്‍സ് കോടതി ശിക്ഷ ശരിവച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
















