കണ്ണൂര്‍: ജില്ലയിലെ 10 സെക്യുരിറ്റി ഏജന്‍സികള്‍ സെക്യുരിറ്റി തൊഴിലാളികള്‍ക്ക് നിയമാനുസൃതം നല്‍കേണ്ട ശമ്പളമോ നിയമാനുസൃത രേഖകളോ സൂക്ഷിക്കുന്നില്ലെന്ന് തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയിട്ടും ഏജന്‍സികള്‍ക്കെതിരെ യാതൊരുവിധ നടപടികളും സ്വീകരിക്കാന്‍ തയ്യാറാവാതെ അധികൃതര്‍.
തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ഏജന്‍സികളും തമ്മിലുള്ള ഒത്തുകളി മൂലം ആയിരക്കണക്കിന് സെക്യുരിറ്റി ജീവനക്കാര്‍ക്കാണ് ദുരിതം അനുഭവിക്കേണ്ടിവരുന്നത്. കേനന്നൂര്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി സര്‍വ്വീസ്, ജെജെ സെക്യുരിറ്റി സര്‍വ്വീസ്, ന്യൂ മലബാര്‍ സെക്യുരിറ്റി ഏജന്‍സി, എഐഎംഎസ് ഫോഴ്‌സ്, ഈഗിള്‍ സെക്യുരിറ്റി സര്‍വ്വീസ്, ഗേറ്റ്‌വെ സെക്യുരിറ്റി സര്‍വ്വീസ്, ജി ഗ്രൂപ്പ്, ഹണി എക്‌സ് മിലിട്ടറി സര്‍വ്വീസ്, ആര്യന്‍ സെക്യുരിറ്റി സര്‍വ്വീസ്, സില്‍വര്‍ സ്റ്റാര്‍ സെക്യുരിറ്റി എന്നീ 10 ഏജന്‍സികളാണ് നിയമവിധേയമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നാണ് ആരോപണം. മിനിമംവേതനം നല്‍കാതിരിക്കുക, വേജ് സ്ലിപ്പ്, മസ്റ്റര്‍ റോള്‍, സര്‍വ്വീസ് റിക്കോഡ് എന്നിവ സൂക്ഷിക്കാതിരിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. 1948ലെ മിനിമം വേജസ് ആക്ടിന്റെയും 1960ലെ ഷോപ്പ് ആക്ടിന്റെയും ലംഘനമാണ് സെക്യുരിറ്റി ഏജന്‍സികള്‍ നടത്തിയിരിക്കുന്നതെന്നാണ് തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. എന്നാല്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലെന്ന് മാത്രമല്ല മിനിമം വേതനം പോലും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല മിനിമം വേതനം പുതുക്കി നിശ്ചയിച്ചു സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയാല്‍ മാത്രം പോര തൊഴിലാളികള്‍ക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും തൊഴില്‍ വകുപ്പിന് ബാധ്യതയുണ്ടെന്ന് ഐഎന്‍ടിയുസി ദേശീയ സിക്രട്ടറി കെ.സുരേന്ദ്രന്‍ തൊഴില്‍ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
















