ചൈനയില്‍ നടന്ന ഏഷ്യാ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ശ്രീധരന്‍കുട്ടി നായര്‍
വിഴിഞ്ഞം: മത്സരത്തലേന്ന് പരിശീലത്തിനിടയില്‍ മഴ നനഞ്ഞ ഏക ഷൂ വൈദ്യുതവിളക്കിന് താഴെ വച്ച് ഉണക്കിയെടുക്കുമ്പോഴും ആ മനസ്സ് പതറിയില്ല. പ്രതികൂല കാലാവസ്ഥയിലും ജാവലിന്‍ ത്രോയുമായി കുതിക്കുമ്പോഴും രാജ്യത്തിനുവേണ്ടിയുള്ള വിജയം മാത്രമായിരുന്നു മനസില്‍. അതുകൊണ്ട് തന്നെ 30.81 എന്ന ദൂരം കണ്ടെത്തി ലോക റെക്കോര്‍ഡ് എഴുപതാം വയസ്സില്‍ നേടുമ്പോഴും മുഖത്ത് വിടരുന്നത് ആത്മവിശ്വാസത്തിന്റെ കരുത്ത് മാത്രം.
ചൈനയില്‍ നടന്ന ഇരുപതാമത് ഏഷ്യാ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ശ്രീധരന്‍കുട്ടിനായര്‍ എന്ന എഴുപതുകാരന്‍ ജന്മനാടിനായി സ്വര്‍ണം നേടി കരുത്തു തെളിയിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ ജാവലിന്‍ത്രോയില്‍ നേടിയ വിജയത്തിന് റെക്കോര്‍ഡിന്റെ തിളക്കം ഇരട്ടി മധുരമായി.
സ്വര്‍ണനേട്ടം കൂടാതെ ഹാമര്‍ ത്രോയില്‍ വെങ്കലവും കൂടി നേടിയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇത്രയും വലിയ നേട്ടം കൊയ്ത് നാട്ടിലെത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാന്‍ അധികാരികള്‍ ആരും എത്തിയില്ല.
കഴിഞ്ഞ തവണ സിംഗപ്പൂരില്‍ വെള്ളിമെഡല്‍ നേടി എത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
കഴിഞ്ഞ ഒരു വര്‍ഷമായി ഉറക്കം പോലും ക്രമപ്പെടുത്തി നടത്തിയ കഠിന പരിശ്രമം ഒടുവില്‍ ഫലം കാണുകയായിരുന്നു. പത്തൊന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഒന്നാംസ്ഥാനക്കാരനെ പരാജയപ്പെടുത്തിയാണ് ശ്രീധരന്‍കുട്ടി നായര്‍ സ്വര്‍ണനേട്ടം കരസ്ഥമാക്കിയത്.
വിഴിഞ്ഞം കോട്ടുകാല്‍ വളവുനട അശ്വതിവീട്ടില്‍ ശ്രീധരന്‍കുട്ടി നായര്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ അത്‌ലറ്റിക് മത്സരങ്ങളില്‍ സജീവമാണ്. പത്താംക്ലാസില്‍ പഠിക്കുമ്പോഴും ജാവലിന്‍ത്രോയില്‍ സംസ്ഥാന മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു. തുടര്‍ന്ന് കായിക അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 32 വര്‍ഷത്തെ സേവനത്തിനു ശേഷം വലിയറത്തല കെപിഎം ഹൈസ്‌കൂളില്‍ നിന്നാണ് വിരമിച്ചത്.
പൊതുവേ ത്രോ മത്സരങ്ങളില്‍ നിന്നു പുതിയ തലമുറ പിന്നോട്ട് പോകുമ്പോഴാണ് ഈ വിജയം എന്നതും ശ്രദ്ധേയമാണ്. ഒരുപക്ഷെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളിയും ഇദ്ദേഹം ആകും. യുവതലമുറയ്‌ക്ക് പ്രേരണയാകാന്‍ വേണ്ടിയാണു ഈ സ്വര്‍ണനേട്ടം എന്ന് ശ്രീധരന്‍കുട്ടിനായര്‍ പറയുന്നു. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇതിനു വേണ്ടി ചെലവായത്.
മത്സരാര്‍ത്ഥികളില്‍ പലരും അതതു സംസ്ഥാനത്തെ കായിക സംഘടനകളുടെ സഹായത്തോടെയാണ് ചൈനയില്‍ എത്തിയത്. എന്നാല്‍ സ്വന്തം കൈയിലെ പണം മുടക്കിയാണ് ശ്രീധരന്‍കുട്ടിനായര്‍ കഴിഞ്ഞ തവണയും ഇത്തവണയും പോയത്.
അടുത്ത ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സ്‌പെയിനില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ നാടിനെ പ്രതിനിധാനം ചെയ്യണം എന്ന ആഗ്രഹവും ഇദ്ദേഹത്തിനുണ്ട്.
അതിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ആയെങ്കിലും എന്ത് ചെയ്യണം എന്ന ആശങ്കയിലാണ് കായികതാരം. ചെലവ് വരുന്ന തുകയുടെ വലുപ്പം ആഗ്രഹം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. സഹായഹസ്തം ലഭിച്ചാല്‍ വിജയത്തില്‍ കുറഞ്ഞത് ഒന്നിനും ഇദ്ദേഹത്തിന്റെ മനസില്‍ ഇടമില്ല.
















