തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് വരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍.ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായി എന്താണോ ചെയ്യേണ്ടത് അത് ചെയ്യും. യുഡിഎഫ് നേതാക്കളുടെ വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ബാലന്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിയ്‌ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു.
വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യചര്‍ച്ചക്കില്ലെന്ന് വിഎം സുധീരനും പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തു വന്നശേഷമുള്ള സാഹചര്യം ഗൗരവകരമാണ്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. വേണ്ടപ്പെട്ടവരുമായി ചര്‍ച്ച നടത്തി നടപടി എടുക്കും. അദ്ദേഹം പ്രതികരിച്ചു.
റിപ്പോര്‍ട്ട് നല്‍കാത്തത് സാമാന്യ നീതയുടെ ലംഘനമാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മനസിലാക്കിയാലേ തുടര്‍ നടപടി സാധിക്കൂ. അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
















