തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളായതോടെ തട്ടിപ്പിനായി തട്ടിക്കൂട്ടുന്ന സംഘങ്ങള്‍ പെരുകുന്നു. തിരുവിതാംകൂര്‍ കൊച്ചി ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത നൂറുകണക്കിന് സംഘങ്ങളാണ് തട്ടിപ്പു സംഘടനകളായി മാറിയിരിക്കുന്നത്. നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവ വിരലിലെണ്ണാവുന്നവ മാത്രം.
താല്‍ക്കാലിക ഭരണ സമിതിയും നിയമാവലിയും 1000 രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ തുടങ്ങാം. മുന്‍പ് 100 രൂപയായിരുന്നു രജിസ്‌ട്രേഷന്‍ ഫീസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വാര്‍ഷിക ഗ്രാന്റുകള്‍ വാങ്ങാന്‍, ധര്‍മ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ തട്ടിയെടുക്കല്‍ തുടങ്ങി വിവിധലക്ഷ്യങ്ങളോടെയാണ് പലരും ചാരിറ്റബിള്‍ സൊസൈറ്റികള്‍ സ്ഥാപിക്കുന്നത്.
പണം ഈടാക്കി രോഗീപരിചരണത്തിനും വീട്ടുജോലിക്കും ജോലിക്കാരെ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വരെ ചാരിറ്റബിള്‍ സൊസൈറ്റികളായി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പടികള്‍ ഇവരാരും ചവിട്ടാറില്ല. വരവു ചെലവ് കണക്കുകള്‍, പൊതുയോഗ തീരുമാനങ്ങള്‍, ഭാരവാഹി ലിസ്റ്റ് ഇവയൊക്കെ നല്‍കി വര്‍ഷം തോറും ജില്ലാ രജിസ്ട്രാറെ സമീപിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണമെന്നതാണ് നിയമം.
നിശ്ചിത തീയതിക്കുള്ളില്‍ പുതുക്കിയില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. പുതുക്കാത്ത സംഘടനകളുടെ രജിസ്‌ട്രേഷന്‍ അസാധുവാക്കി പ്രവര്‍ത്തനാനുമതി നിഷേധിക്കും. 60 വര്‍ഷം പിന്നിടുന്ന സൊസൈറ്റി രജിസ്‌ട്രേഷന്‍ വകുപ്പ്, ഒരിക്കല്‍ പോലും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചിട്ടുമില്ല, നടപടികള്‍ സ്വീകരിച്ചിട്ടുമില്ല. ഇതാണ് തട്ടിപ്പിനായി സംസ്ഥാനത്ത് കടലാസു സംഘടനകള്‍ പെരുകാന്‍ കാരണം.
പാറശാലയില്‍ കോടികള്‍ തട്ടിച്ചു മുങ്ങിയ നിര്‍മ്മല്‍ ചിട്ടിക്കമ്പനിയും, 1140 കോടിയുടെ വിദേശപ്പണം തട്ടിയെടുത്തഒരു സഭയും ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് സംഘങ്ങളുണ്ടാക്കിയാണ് തട്ടിപ്പു നടത്തിയത്.
സാമൂഹിക സാംസ്‌ക്കാരിക കലാകായിക രംഗത്തെ പരിപോഷിപ്പിക്കാന്‍ ആരംഭിക്കുന്ന സംഘടനകള്‍, ജനക്ഷേമത്തിന് ഊന്നല്‍ നല്‍കി നിരാലംബരുടെ ഉന്നമനത്തിന് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയ്‌ക്കാണ് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ നല്‍കുന്നത്. എന്നാലിന്ന് പെട്ടിക്കടയില്‍ നിന്നെന്ന പോലെ ആര്‍ക്കും തുടങ്ങാം സംഘങ്ങള്‍. രജിസ്‌ട്രേഷന്‍ അസാധുവായ സംഘങ്ങളുടെ വിവരങ്ങള്‍ ജില്ലാ രജിസ്ട്രാറുമാര്‍ക്കും നിശ്ചയമില്ല.
















