ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് പാതയുടെ നവീകരണം വനംവകുപ്പിന്റെ തടസവാദത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായി. ആയൂര്‍കൗണ്ടി മുതല്‍ ബോഡിമെട്ട് വരെയുള്ള 26 കിലോമീറ്റര്‍ റോഡ് നവീകരണം നിര്‍ത്തിവച്ചു.
സിഎച്ച്ആര്‍ മേഖലയില്‍ മരം മുറിക്കാനും നിര്‍മ്മാണം നടത്താനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കിയത്. സര്‍ക്കാര്‍തലത്തില്‍ പ്രശ്‌നത്തിന് തീരുമാനം ഉണ്ടാക്കുന്നതുവരെ നവീകരണം നിര്‍ത്തിവയ്‌ക്കാനാണ് അതോറിട്ടിക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
ദേവികുളം മുതല്‍ പൂപ്പാറവരെയുള്ള ഭാഗത്തെ നിര്‍മ്മാണം നടത്തും. ദീപാവലിക്കുശേഷം ഈ ഭാഗത്ത് ഗതാഗതം നിരോധിച്ചുള്ള നിര്‍മ്മാണമാണ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ ദേവികുളം പൂപ്പാറ റോഡില്‍ ഗതാഗതം അനുവദിക്കില്ല. ബോഡിമെട്ടിലേക്കുള്ള വാഹനങ്ങള്‍ രാജാക്കാട് രാജകുമാരിവഴി പൂപ്പാറയിലെത്താനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മാസം കൊണ്ട് ഈഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്.
ഈ സമയത്തിന് മുന്‍പ് പൂപ്പാറ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗത്തെ നിര്‍മ്മാണത്തിന് അനുകൂലമായ സാഹചര്യം വനംവകുപ്പില്‍നിന്ന് നേടിയെടുക്കാമെന്നാണ് ദേശീയപാത അതോറിട്ടി കണക്കുകൂട്ടുന്നത്. സിഎച്ച്ആര്‍ മേഖലയില്‍ കുന്നിടിച്ചുള്ള നിര്‍മ്മാണവും മരംമുറിക്കലും നടന്നിട്ടും നടപടി സ്വീകരിക്കാതിരുന്ന വനംവകുപ്പാണ് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന റോഡ് നവീകരണം അട്ടിമറിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.
















