കണ്ണൂര്‍: മലനാട് നിര്‍ദ്ദിഷ്ട ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാഹി നദിയില്‍ ആധുനിക രീതിയില്‍ ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിക്കാന്‍ കേരള ടൂറിസം വകുപ്പ് 5.25 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പദ്ധതി നിര്‍വ്വഹണത്തിന്റെ ഒന്നാം ഘട്ടമായാണ് ഈ തുക അനുവദിച്ചത്. 20 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നതാണ് മലനാട് ക്രൂയിസ് ടൂറിസം പദ്ധതി. മാഹി, കരിയാട് തുടങ്ങി പുഴയോരത്തുള്ള കളരി കേന്ദ്രങ്ങളുടെ പ്രചാരത്തിനും പ്രോത്സാഹനത്തിനും വേണ്ടി മാഹി നദിയില്‍ കളരി & മാര്‍ഷല്‍ ആര്‍ട്‌സ് ക്രൂയിസ് പദ്ധതി ആണ് നിര്‍ദ്ദേശിച്ചത്. അതിന്റെ ഭാഗമായി മോന്താല്‍, കരിയാട്, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബോട്ട് ജെട്ടി നിര്‍മ്മിക്കാനാണ് അനുമതി കിട്ടിയിട്ടുള്ളത്. മോന്താലില്‍ ബോട്ട് ജെട്ടിയും ടോയ്‌ലറ്റും നിര്‍മ്മിക്കാന്‍ 1.11 കോടിയും കരിയാട് (കിടഞ്ഞി) ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ 3.03 കോടിയും പെരിങ്ങത്തൂരില്‍ ബോട്ട് ജെട്ടിയും ടോയ് ലറ്റും നിര്‍മ്മിക്കുവാനായി 1.11 കോടിയും ആണ് അനുവദിച്ചിട്ടുള്ളത്. ഉത്തരമലബാറിന്റെ ടൂറിസം വികസനത്തില്‍ ഈ പദ്ധതികള്‍ ഒരു നാഴികക്കല്ലായിരിക്കും. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. ക്ഷയരോഗ നിര്‍മാര്‍ജ്ജന ദൗത്യം: ടി.ബി എലിമിനേഷന്‍ ബോര്‍ഡ് രൂപീകരിച്ചുകണ്ണൂര്‍: ക്ഷയരോഗികളുടെ എണ്ണം കുറച്ചുകൊണ്ട് ക്ഷയരോഗ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യവുമായി നവംബര്‍ 1 മുതല്‍ ജില്ലയില്‍ ക്യാമ്പയിന്‍ ആരംഭിക്കും. ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ നടത്തും. പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതിന് എ.ഡി.എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ ക്ഷയരോഗനിര്‍മാര്‍ജനത്തിനായി കലക്ടര്‍ ചെയര്‍മാനായി ടി.ബി എലിമിനേഷന്‍ ബോര്‍ഡ് രൂപീകരിച്ചു. ജില്ലയിലെ എം.എല്‍.എമാര്‍, മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായി രൂപീകരിച്ച ബോര്‍ഡില്‍ ഡിഎംഒ, ഡിപിഎം എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. ജില്ലാ ടി.ബി ഓഫീസര്‍ കണ്‍വീനറായും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ലേബര്‍ ഓഫീസര്‍, പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍, കോര്‍പ്പറേഷന്‍-ജില്ലാപഞ്ചായത്ത് സെക്രട്ടറിമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായാണ് ബോര്‍ഡ് രൂപീകരിച്ചത്.
















