ചെറുപുഴ: കോഴിക്കോട് മലപ്പുറം ജില്ലകളില്‍ വന്‍ കവര്‍ച്ചകള്‍ നടത്തി കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ച കുപ്രസിദ്ധ മോഷ്ടാവ് ആലക്കോട് കുട്ടാപ്പറമ്പിലെ കൊല്ലപ്പറമ്പില്‍ മുഹമ്മദി(37)നെ ചെറുപുഴയില്‍ തെളിവെടുപ്പിനെത്തിച്ചു. കവര്‍ച്ച ചെയ്ത സ്വര്‍ണ ഉരുപ്പടികള്‍ ചെറുപുഴയിലെ സ്വര്‍ണ ഫൈനാന്‍സ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയപ്പെടുത്തിയതായി പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷിക്കുന്ന കുന്ദമംഗലം പോലിസ് മുഹമ്മദുമായി തെളിവെടുപ്പിനെത്തിയത്. ചെറുപുഴയില്‍ മാത്രം 120 പവനോളം പണയപ്പെടുത്തിയതായാണ് മൊഴി. ഇവ പോലിസ് കണ്ടെടുത്തു. കുന്ദമംഗലം, ചേവായൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നൂറോളം വീടുകള്‍ കവര്‍ച്ച ചെയ്ത മുഹമ്മദ് കഴിഞ്ഞ 2 നാണ് പിടിയിലായത്.
















