കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിലെ നിരവധി ഓഫീസുകളില്‍ കവര്‍ച്ചാ ശ്രമം. കലക്ടറുടെ ഓഫീസിന് താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലും ഗ്രാമവികസന ഓഫീസിലും ദാരിദ്ര്യലഘൂകരണ ഓഫീസിലും കാന്റീനിലുമാണ് കള്ളന്‍ കയറിയത്. ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനത്ത് കള്ളന്‍ കയറിയത് ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. കലക്ടറേറ്റ് കാന്റീനിലെ മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപയോളം കവര്‍ന്നിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയോ ഇന്നലെ പുലര്‍ച്ചെയോ ആയിരിക്കാം കള്ളനെത്തിയതെന്ന് പോലീസ് പറയുന്നു.
ദാരിദ്ര്യ ലഘൂകരണ ഓഫീസിന്റെ കമ്പ്യൂട്ടര്‍ റൂമിന്റെ പൂട്ട് തകര്‍ത്തു. ഗ്രാമവികസന വകുപ്പില്‍ കയറിയ കള്ളന്‍ ഫയലുകളും മറ്റുപകരണങ്ങളും വാരിവലിച്ചിട്ടു. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്ന് 1500 രൂപയും കവര്‍ന്നിട്ടുണ്ട്്. ആര്‍ടി ഓഫീസിനടുത്തുള്ള മില്‍മ ബൂത്തിലും കവര്‍ച്ചാശ്രമമുണ്ടായി. കലക്ടറേറ്റിലുള്ള സിസിടിവി ക്യാമറയില്‍ കള്ളന്റെ ദൃശ്യം പതിഞ്ഞിട്ടുള്ളതായി സൂചനയുണ്ട്. ലോട്ടറി ഓഫീസിന്റെ സമീപമാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഉത്തരമേഖലാ ഐജിയുടെയും മറ്റും ആസ്ഥാനം സ്ഥിതിചെയ്യുന്ന നൂറ് മീറ്റര്‍ പരിധിക്കുള്ളിലാണ് കള്ളന്‍ എത്തിയത്. കാന്റീന്‍ സെക്രട്ടറി കെ.ജയയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
















