തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ വൈരക്കല്ലുകള്‍(വജ്രം) കണ്ടെത്തി. ഇവ മോഷ്ടിച്ചതല്ലെന്നും അടര്‍ന്നുപോയതാണെന്നും ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണറിപ്പോര്‍ട്ട്. ശ്രീപദ്മനാഭന്റെ വൈരനാമത്തിലെ എട്ടു കല്ലുകള്‍ കാണാതായെന്നാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഈ എട്ടെണ്ണവും പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ക്ഷേത്രം മാനേജര്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ 22 വൈരക്കല്ലുകള്‍ കാണാതായെന്നാണ് പറഞ്ഞിരുന്നത്.
അന്വേഷണസംഘത്തലവന്‍ ഐജി എസ്. ശ്രീജിത്ത് ശാന്തിക്കാരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. വിവിധ കാലങ്ങളിലായി അടര്‍ന്നുപോയ വൈരക്കല്ലുകളില്‍ എട്ടെണ്ണവും ശേഖരിച്ച് സൂക്ഷിച്ചിരുന്നത് ശാന്തിക്കാര്‍ ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ വച്ച് ഐജിയെ കാണിച്ചു ബോധ്യപ്പെടുത്തി.
കണ്ടെടുത്ത വൈരക്കല്ലുകളും ആഭരണങ്ങളിലെ വൈരക്കല്ലുകളും വിദഗ്ധസംഘം ഒത്തുനോക്കി ഒന്നാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കിട്ടിയ വൈരക്കല്ലുകളുടെ കാലപ്പഴക്കവും മൂല്യവും ജെമ്മോളജിസ്റ്റും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നഷ്ടപ്പെട്ടവ തന്നെയാണിതെന്ന് ക്രൈംബ്രാഞ്ച് സംഘത്തിനും ബോധ്യപ്പെട്ടതായാണ് വിവരം.
അന്വേഷണറിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ വലിയ വിവാദത്തിനാണ് പരിസമാപ്തി കുറിച്ചിരിക്കുന്നത്.
















