കണ്ണൂര്‍: ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി നാളില്‍ സംഘടിപ്പിച്ച ശോഭായാത്രയില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങള്ക്കെതിരെ ബാലാവകാശ കമ്മീഷനെയും പോലീസിനെയും കൊണ്ട് കേസെടുപ്പിച്ചത് സിപിഎം നേതൃത്വം. ബാലഗോകുലത്തിന്റെ പരിപാടികള്‍ക്ക് സമാന്തരമായി ജില്ലയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടികളുടെ പരാജയത്തിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇല്ലാക്കഥകള്‍ ചമച്ചുള്ള കേസെടുപ്പിക്കലെന്നും വ്യക്തമാകുന്നു.
ശോഭായാത്രയില്‍ അവതരിപ്പിച്ച ആലിലക്കണ്ണന്റെ നിശ്ചലദൃശ്യത്തിനെതിരെയാണ് പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ശ്രീകൃഷ്ണജയന്തി ആഘോഷ സംഘാടക സമിതി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ 40 വര്‍ഷത്തിലധികമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ എല്ലാ വര്‍ഷവും സംസ്ഥാനത്തുടനീളം ആലിലക്കണ്ണനുമായി ബന്ധപ്പെട്ട നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍, അന്നൊന്നും കേസെടുത്ത സംഭവങ്ങളുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ വര്‍ഷം കേസെടുക്കാനുള്ള തീരുമാനത്തിലെ ദുരൂഹത വ്യക്തം.
പാനൂര്‍ കുറ്റേരി മാവിലാട്ട് പളളിക്ക് സമീപം ഇസ്ലാം മത വിശ്വാസികളായ യുവാക്കള്‍ ഉണ്ണിക്കണ്ണന്മാര്ക്കും അമ്മമാര്‍ക്കും മധുരം വിതരണം ചെയ്ത സംഭവം സിപിഎമ്മിന്റെ കുപ്രചാരണങ്ങള്‍ തള്ളി ശോഭായാത്ര എത്രമാത്രം ജനകീയമായാണ് കണ്ണൂരില്‍ നടന്നത് എന്നതിലേക്കു വിരല്‍ചൂണ്ടുന്നു. സിപിഎം ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെ പലയിടങ്ങളിലും സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തിയ ജനപങ്കാളിത്തമാണുണ്ടായത്.
ഭരണ സ്വാധീനമുപയോഗിച്ചും പോലീസിനെ ഉപയോഗിച്ചും ശോഭായാത്രയെ തകര്‍ക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു, പയ്യന്നൂര്‍ പോലെ സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മേഖലകളിലെല്ലാം ശോഭായാത്രയ്ക്ക് വന്‍ ജന പിന്തുണ ലഭിച്ചു. ഇതില്‍ വിറളിപൂണ്ടാണ് സംഘാടകരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കേസെടുപ്പിച്ചത്.
മതവിശ്വാസത്തിന്റെ ഭാഗമായി മാതാപിതാക്കളുടെ സമ്മതത്തോടെ കുട്ടിയെ ആലിലയില്‍ നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നിരിക്കെ ഇല്ലാത്ത ആരോപണവും പത്രവാര്‍ത്തയും കണക്കിലെടുത്ത് കേസെടുത്ത ബാലാവകാശ കമ്മീഷന്റെ നടപടിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















