കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരായ നടനും, സംവിധായകനുമായ നാദിര്‍ഷായെ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചോദ്യം ചെയ്യാനായില്ല. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ രാവിലെ 9.45ന് നാദിര്‍ഷാ ആലുവ പോലീസ് ക്ലബ്ബില്‍ എത്തി.
ചോദ്യം ചെയ്യലിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കവേയാണ് രക്തസമ്മര്‍ദം ഉയര്‍ന്നത്. ഉടന്‍ ഡോക്ടര്‍മാരുടെ സംഘത്തെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി പരിശോധനയ്ക്ക് വിധേയനാക്കി. പ്രമേഹത്തിന്റെ അളവ് താഴ്ന്നതായും കണ്ടെത്തി. പിന്നീട് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യുന്നത് പോലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. വൈകിട്ട് ഹാജരാവാമെന്ന് നാദിര്‍ഷാ അറിയിച്ചെങ്കിലും ചോദ്യം ചെയ്യല്‍ വേണ്ടെന്നായിരുന്നു പോലീസ് നിലപാട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും വൈകിട്ട് നാലിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാവാം എന്നുമാണ് പോലീസിനെ അറിയിച്ചത്.
ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യൂ, എന്ന് റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജ് അറിയിച്ചു. ഇക്കാര്യം കോടതിയെ അറിയിക്കും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷായോട് ചോദ്യം ചെയ്യലിനു ഹാജരാവാന്‍ അന്വേഷണ സംഘം മുമ്പും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
അന്വേഷണ സംഘവുമായി സഹകരിച്ചിട്ടും പോലീസ് ഭീഷണിപ്പെടുത്തുന്നതായും കാണിച്ചാണ് നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നാദിര്‍ഷാ ഇന്നലെ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബിലെത്തിയത്. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയണമെന്ന് ഹൈക്കോടതി നാദിര്‍ഷയോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ഈ നിര്‍ദേശം.
















