തിരുവനന്തപുരം: പാഠപുസ്തകങ്ങള്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് ഒരാഴ്ചയായി വിദ്യാലയങ്ങളില്‍ അധ്യയനം മുടങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകളില്‍ വെറുതെ ഇരിക്കേണ്ട അവസ്ഥയാണ്. രണ്ടാം ‘ടേമിലെ പാഠപുസ്തകങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റ അനാസ്ഥകാരണം എത്തിക്കാന്‍ സാധിക്കാത്തത്.
പാഠപുസ്തകങ്ങളുടെ ഭാരം കൂടുതലായതിനാല്‍ ബാലാവകാശകമ്മീഷന്റെ നിര്‍ദ്ദേശാനുസരണം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു അധ്യയന വര്‍ഷത്തെ എല്ലാ പുസ്തകങ്ങളും സെമസ്റ്റര്‍ സമ്പ്രദായം പോലെ രണ്ട് ഭാഗങ്ങളാക്കി മാറ്റിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചില പുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളാക്കി. ഒന്നാം വാല്യം വിദ്യാലയങ്ങള്‍ തുറക്കുംമുമ്പും രണ്ടാം വാല്യം ഓണപ്പരീക്ഷയ്ക്കു മുമ്പും മൂന്നാം വാല്യം ക്രിസ്തുമസ് പരീക്ഷയ്ക്കു മുമ്പും നല്‍കണം. എന്നാല്‍ രണ്ടാം വാല്യം പുസ്തകം ഇനിയും എത്തിച്ചിട്ടില്ല.
ആറ്,നാല് ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ രണ്ടു വാല്യങ്ങളായതിനാല് ഒക്ടോബര്‍ വരെ പഠിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഒന്നു മുതല്‍ മൂന്ന് വരെ ക്ലാസ്സുകളിലെയും അഞ്ച്, ഏഴ് ക്ലാസ്സുകളിലെയും പുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളായതിനാല് രണ്ടാം വാല്യം പുസ്തകം ലഭിച്ചാലെ പഠനം തുടരാന്‍ സാധിക്കൂ. ഒമ്പതാം ക്ലാസ്സിലെ കണക്ക് പുസ്തകവും മൂന്ന് വാല്യങ്ങളാണ്.
എസ്സിഇആര്ടിയില് നിന്നു കരിക്കുലം കമ്മറ്റി സിലബസ് തയ്യാറാക്കി നല്കിക്കഴിഞ്ഞാല് പ്രിന്റ് ചെയ്ത് പുസ്തകം എത്തിക്കേണ്ട ചുമതല ഡിപിഐയ്ക്കാണ്.
എന്നാല്‍ കരുതല്‍ നടപടികള്‍ ഡിപിഐ കൈക്കൊണ്ടില്ല. പുസ്തകം പ്രിന്റ് ചെയ്യുന്നത് കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ (കെബിപിഎസ്)സൊസൈറ്റിയാണ്. പ്രിന്റ് ചെയ്തു കഴിഞ്ഞാല്‍ സാധാരണ ടെക്സ്റ്റ് ബുക്ക് ഡിപ്പോയില്‍ നിന്നു വിദ്യാലയങ്ങള്‍ നേരിട്ടെത്തി പുസ്തകം വാങ്ങണം. ഈ സമ്പ്രദായം മാറ്റി വിദ്യാലയങ്ങളില്‍ നേരിട്ട് പുസ്തകങ്ങള്‍ എത്തിക്കുന്ന രീതിയാണ് നടന്നുവരുന്നത്.
കെബിപിഎസില്‍ രാപകലില്ലാതെ പുസ്തകം പ്രിന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ സമയക്രമം നിശ്ചയിക്കുന്നതില്‍ ഡിപിഐയ്ക്കും പ്രസ്സിനും പിഴവ് പറ്റി. സിലബസ് തയ്യാറാക്കി നല്കികഴിഞ്ഞാല് തങ്ങളുടെ പണികഴിഞ്ഞു എന്നാണ് എസ്സിഇആര്ടി നല്കുന്ന വിശദീകരണം. ഇനിയും രണ്ടാഴ്ചയെങ്കിലും എടുക്കും പുസ്തകം വിദ്യാലയങ്ങളില്‍ എത്തിക്കാന്‍.
















