കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ ഗോശ്രീ പാലത്തിനോട് ചേര്‍ന്ന് കായലരികിലെ 16.63 ഏക്കര്‍ സ്ഥലം ബാങ്കുകള്‍ ലേലത്തില്‍ വിറ്റത് 308 കോടി രൂപയ്ക്ക്. കേരള ചരിത്രത്തില്‍ ആദ്യമായാണ് വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് പിടിച്ചെടുത്ത സ്ഥലം ഇത്രയധികം വിലയ്ക്ക് ബാങ്കുകള്‍ വിറ്റഴിക്കുന്നത്. ലുലുഗ്രൂപ്പ് സ്ഥാപകന്‍ എം.എ. യൂസഫലിയും പുറവങ്കര പ്രോജക്ട്സുമാണ് സ്ഥലം ഏറ്റെടുത്തത്.
ദേവ പ്രോജക്ട്സിന്റെ ഭൂമിയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലേലത്തില്‍ വിറ്റത്. ദേവ പ്രോജക്ട്സ് വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് 515 കോടിരൂപയുടെ ബാധ്യതയാണ് വരുത്തിയത്. മൂന്നു വര്‍ഷമായി ഇത് കിട്ടാക്കടമായിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് സ്ഥലം ലേലത്തില്‍ വെച്ചത്. ഇതിന് മുമ്പ് മൂന്നുതവണ ലേലത്തില്‍ വെച്ചെങ്കിലും ആരും ഏറ്റെടുക്കാനുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലേലം നടന്നത്.
4.87 ഏക്കര്‍ യൂസഫലിയും ബാക്കിയുള്ളത് പുറവങ്കര പ്രോജക്ട്സുമാണ് ഏറ്റെടുത്തത്. യുഎഇ എക്സ്ചേഞ്ച് ഉടമ ബി.ആര്. ഷെട്ടി 106.90 കോടി രൂപ കോടി രൂപയ്ക്കാണ് ലേലം വിളിച്ചത്. എന്നാല്‍, യൂസഫലി കൂടുതല്‍ തുകയ്ക്ക് ലേലംപിടിക്കുകയായിരുന്നു. 5.39 ഏക്കര്‍, 6.38 ഏക്കര്‍ എന്നീ രണ്ടു പ്ലോട്ടുകളാണ് പുറവങ്കര സ്വന്തമാക്കിയത്. സെന്റിന് ശരാശരി 18.5 ലക്ഷം രൂപയാണ് ഭൂമി സ്വന്തമാക്കാന്‍ ഇവര്‍ക്ക് ചെലവായത്.
മറൈന്‍ഡ്രൈവിലെ ഈ ഭൂമി വില്‍പ്പന കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷ. ഹൗസ് പ്ലോട്ടുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, മാളുകള്‍ എന്നിവ ഇവിടെ വരുമെന്നാണ് കരുതുന്നത്.
















