കൊച്ചി: അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്,കണ്ണനെ തൊഴുതതിന്, വഴിപാടു കഴിച്ചതിന്, കാണിക്കയിട്ടതിന്…കമ്മ്യൂണിസ്റ്റുകാരനായ മന്ത്രി കടകംപള്ളി സുരേന്ദ്രന് പാര്‍ട്ടിക്ക് വിശദീകരണം നല്‍കേണ്ടി വരും.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് സിപിഎം വിശദീകരണം തേടും. കമ്മ്യൂണിസ്റ്റുകാര്‍ക്ക് യോജിച്ച നടപടിയല്ലെന്ന ആക്ഷേപം ശക്തമായതിനെ തുടര്‍ന്നാണിത്. കടകംപള്ളിയില്‍ നിന്ന് വിശദീകരണം തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വ്യക്തമാക്കിയത്.
അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നീട് കാണിക്കയിട്ടു, സോപാനത്തെത്തി തൊഴുതു. അന്നദാനത്തിനും പണം നല്കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് മന്ത്രി തന്നെ പൊതുയോഗത്തില്‍ പറഞ്ഞു. ഇത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനിടയാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിപിഎം മന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുന്നതും വഴിപാട് നടത്തുന്നതും. ഘടക കക്ഷികള്‍ക്ക് നല്‍കിയിരുന്ന ദേവസ്വം വകുപ്പ് വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലം മുതലാണ് സിപിഎം ഏറ്റെടുത്തത്. അന്ന് മന്ത്രിയായിരുന്ന ജി. സുധാകരന് ക്ഷേത്രത്തില്‍ വന്നെങ്കിലും തൊഴാനോ വഴിപാട് കഴിക്കാനോ തയ്യാറായിരുന്നില്ല. ഇതിനു വിപരീതമായാണ് കടകംപള്ളി പെരുമാറിയത്. കടകംപള്ളി ഒരു ദിവസം മുഴുവന്‍ ഗുരുവായൂരില്‍ ചെലവഴിച്ചതും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിനിടയാക്കി.
കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന് യോജിച്ച നടപടിയല്ല ഇതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തിയപ്പോഴും, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകന്റെ വിവാഹം ക്ഷേത്രത്തില്‍ നടത്തിയപ്പോഴും വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍, സംഭവത്തില്‍ അവര്‍ക്ക് പങ്കില്ലെന്നും വീട്ടുകാരുടെ വിശ്വാസത്തിലാണ് ചടങ്ങുകള്‍ നടന്നതെന്നും വിശദീകരിച്ച് പാര്‍ട്ടി തലയൂരി.
എന്നാല്‍, ശബരിമലയ്ക്ക് പോയ ചില സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുത്തിരുന്നു. അതുകൊണ്ടുതന്നെ കടകംപള്ളിക്കെതിരെയും അച്ചടക്ക നടപടിയെടുക്കണമെന്ന് ആഗ്രഹിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. അണികളുടെ എതിര്‍പ്പ് ശക്തമാവുകയും കടകംപള്ളിയുടെ വിശദീകരണം തൃപ്തികരമാകാതിരിക്കുകയും ചെയ്താല്‍ പാര്‍ട്ടിതല അന്വേഷണമുണ്ടായേക്കും.
















