കണ്ണൂര്‍: വളപട്ടണം സര്‍വ്വീസ് സഹകരണ ബാങ്കിലെ മന്ന ശാഖയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. വ്യാജരേഖ ചമച്ചും പണയപ്പണ്ടമെടുത്ത് മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ചും മൂന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ബാങ്ക് മാനേജരായിരുന്ന കണ്ണൂര്‍ നോര്‍ത്ത് താളിക്കാവ് ജംസിലെ കെ.പി.മുഹമ്മദ് ജസീല്‍ (43) ആണ് അറസ്റ്റിലായത്. ഇന്റര്‍പോളിന്റെ സഹായത്തോടെ കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
76 ഇടപാടുകാരുടെ അഞ്ച് കിലോഗ്രാം ആഭരണങ്ങള്‍ കണ്ണൂരിലെയും പരിസരങ്ങളിലെയും സഹകരണ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയം വെച്ചും വ്യാജ രേഖ ചമച്ചും 3.5കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ തുക ഉപയോഗിച്ച് മലേഷ്യയില്‍ ആയുര്‍വ്വേദ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ വ്യാപാരവും ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ലോട്ടറി വില്പനക്കാര്, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങി പതിനാറുപേരെ സ്വാധീനിച്ചാണ് ഇയാള്‍ വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും സ്വര്‍ണം പണയംവെച്ചത്. വ്യാജരേഖ ചമച്ച് 6.92 കോടി രൂപയാണ് വായ്പയായി തട്ടിയെടുത്തത്.
മുഹമ്മദ് ജസീലിന്റെ ഭാര്യയും തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ പ്രൊഫസറുമായ ടി.എം.വി.മുംതാസിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ജസീലിന്റെ പിതാവ് ഇബ്രാഹിം, ഒളിവില്‍ കഴിയുന്ന ഭാര്യാ പിതാവ് കെപിസി മുഹമ്മദ് എന്നിവരുള്‍പ്പെടെ 26 പേരാണ് പ്രതികള്‍. ഇതില്‍ അറസ്റ്റിലായ 22 പേര് ജാമ്യത്തിലിറങ്ങി.
കണ്ണൂര്‍ ഡിവൈഎസ്പി ഇന്റര്‍പോള്‍ വഴി ബാങ്കോക്ക് പോലീസിന് ജസീല്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അവിടെയുള്ള മലയാളി സമാജങ്ങളുമായും ബന്ധപ്പെട്ടിരുന്നു. ഈ മാസം 5ന് ജസീലിനെ ഇന്റര്‍പോള്‍ അറസ്റ്റു ചെയ്ത്, അവിടെ ജയിലില്‍ പാര്‍പ്പിച്ചു. 12ന് രാത്രി ഇന്ത്യയിലേക്ക് കയറ്റിവിട്ട ഇയാളെ നെടുമ്പാശേരിയില്‍വെച്ച് റോയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബാങ്ക് ജീവനക്കാരനായിരിക്കെ തത്കാല്‍ പാസ്പോര്‍ട്ടിലാണ് ബാങ്കോക്കിലേക്ക് പോയത്. തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
















