ആലപ്പുഴ: തോട്ടപ്പള്ളിയില്‍ വാഹനാപകടമുണ്ടായ സ്ഥലത്തുനിന്ന് 15 കിലോമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. മൃതദേഹം വാഹനത്തില്‍ കുരുങ്ങിയാണ് ഇത്ര ദൂരത്തെത്തിയതെന്നാണ് പോലീസ് നിഗമനം. എന്നാല്‍ റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉള്ളിലേക്കു മാറി മൃതദേഹം കണ്ടെത്തിയ സാഹചര്യം വിശദീകരിക്കാന്‍ പോലീസിന് കഴിയുന്നില്ല.
ബുധനാഴ്ച പുലര്‍ച്ചെ വാഹനാപകടത്തില്‍ മരിച്ച മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് കലവൂര്‍ ഹനുമാരുവെളിയില് വാസുദേവന്റെ മകന് സുനിലി(46)ന്റെ മൃതദേഹം 15 കിലോമീറ്റര്‍ അകലെ കളര്‍കോട് കണ്ടെത്തിയതാണ് ദുരൂഹതയുണ്ടാക്കിയത്.
ദേഹമാസകലമുള്ള മുറിവുകള്‍ വാഹനത്തില്‍ കുരുങ്ങി മൃതദേഹം വലിച്ചു കൊണ്ടുപോയതിനാലാണെന്നും പോലീസ് പറയുന്നു. മുറിവുകളിലെല്ലാം ടാറിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വിവസ്ത്രനാക്കപ്പെട്ടതും മൃതദേഹം വലിച്ചു കൊണ്ടുപോയതിനാലാണ്. ഷര്‍ട്ടും മുണ്ടും വഴിയരികില്‍നിന്ന് കണ്ടെടുത്തു.ഇടിച്ച വാഹനമല്ല മൃതദേഹം കൊളുത്തി വലിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
തോട്ടപ്പള്ളിയില്‍ അപകടശേഷം മൃതദേഹം കണ്ടയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. പുലര്‍ച്ചെ കടന്നുപോയ വലിയ വാഹനങ്ങളില്‍ ഏതെങ്കിലുമൊന്നിലാകാം മൃതദേഹം കുരുങ്ങിയത്. തോട്ടപ്പള്ളി മുതല്‍ കളര്‍കോട് വരെ റോഡരികിലുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
















