കൊച്ചി: കേരളത്തില്‍ ബിജെപിക്ക് നല്ല ഭാവിയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളത്തില്‍ ബിജെപിയുടെ വോട്ടിങ് ശതമാനം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇവിടെയും ബിജെപി മുന്നേറുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തം. പ്രധാനമന്ത്രിയുടെ റേറ്റിങ്ങും വളരെ ഉയരത്തിലാണ്.
70 ശതമാനത്തിന് മുകളില്‍ ആളുകള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നവരാണ്. രാജ്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സ്വപ്നം ഇവിടെയുള്ള ജനങ്ങളും പങ്കിടണം. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ടൂറിസം മേഖല നേരിടുന്ന പ്രധാന പ്രശ്നം അടിസ്ഥാന സൗകര്യമില്ലാത്തതാണ്. യാത്രയ്ക്കിടയില്‍ സഞ്ചാരികള്‍ക്ക് ടോയ്ലെറ്റ് സൗകര്യമോ ഭക്ഷണം കഴിക്കുന്നതിനോ സൗകര്യങ്ങള്‍ ലഭിക്കാറില്ല. ഇത് പരിഹരിക്കാന്‍ ഓരോ 25 കിലോമീറ്ററിലും സൗകര്യമൊരുക്കണം. മൂന്നാര്‍ കണ്ട് സഞ്ചാരികള്‍ പോയതുകൊണ്ട് കാര്യമില്ല. അവര്‍ അവിടെ കുറച്ചുദിവസങ്ങള്‍ തങ്ങിയാലേ വരുമാനമുണ്ടാകൂ. അതിന് അവിടെ താമസ സൗകര്യങ്ങളും, വിനോദ കേന്ദ്രവുമുള്‍പ്പെടെ വേണം. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തില്‍ ഈ സൗകര്യങ്ങള്‍ ഒരുക്കണം. ഇതിന് 1000 ഏക്കര്‍ സ്ഥലമെങ്കിലും ഏറ്റെടുക്കണം. സ്വകാര്യ പങ്കാളിത്തത്തോടെ ഈ പദ്ധതികള്‍ നടപ്പാക്കണം.
ലോകം മുഴുവന്‍ ഇന്ത്യ കാണാന്‍ എത്തുന്ന തരത്തിലുള്ള ടൂറിസം പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്.ഇതുവഴി ടൂറിസം മേഖലയില്‍ മുഴുവന്‍ ആളുകള്‍ക്കും ജോലി നല്കാന് കഴിയും. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വിനോദ സഞ്ചാരമെന്നതാണ് ലക്ഷ്യം. വന്‍കിട ഹോട്ടലുകള്‍ക്കൊപ്പം ചായക്കടകള്‍ തുടങ്ങുന്ന പദ്ധതിയും ആലോചിക്കുന്നുണ്ട്. ആത്മീയ ടൂറിസത്തിനും പ്രോത്സാഹനം നല്‍കുന്നുണ്ട്.
ഐടി മേഖലയില്‍ ഇനിയും വളരെയേറെ മുന്നോട്ടുപോകാനുണ്ട്. ഇവിടെ ഐഐടിയില്‍ പഠിച്ചവര്‍ പോലും വിദേശത്തേക്ക് പോകുകയാണ്. ഐടി മേഖലയില്‍ വെറും സേവനദാതാവായി നമ്മള് മാറരുത്. പ്രോജക്ട് ഡെവലപ്പറായി മാറിയാലേ ഗുണമുണ്ടാവുകയുള്ളൂ. ദക്ഷിണ കൊറിയയെപ്പോലെ ഇന്ത്യയെയും ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി നീങ്ങിയാലേ ഇതിന് സാധിക്കൂ. പെട്രോളില്‍ നിന്ന് ലഭിക്കുന്ന നികുതികൊണ്ട് പാവപ്പെട്ടവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ചോദ്യത്തിന് മറുപടിയായി കണ്ണന്താനം പറഞ്ഞു.
















