ഇടുക്കി: കെഎസ്ഇബിയുടെ കീഴിലുള്ള ഡാമുകളിലെ ജലനിരപ്പ് 55 ശതമാനമായി ഉയര്‍ന്നു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2269.324 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഡാമുകളിലുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 45 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമുകളില്‍ കൂടുതലുണ്ട്.
ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്. പമ്പ, കക്കി അണക്കെട്ടുകളില്‍ 53 ശതമാനം വെള്ളമുണ്ട്. ചെറിയ ഡാമുകളെല്ലാം നിറഞ്ഞ് കിടക്കുകയാണ്. ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് ഇടമലയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ്. ഇവിടെ 9.4 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍, 2.642 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി.
സംസ്ഥാനത്താകെ ബുധനാഴ്ച 66.7033 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ 23.1227 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിച്ചത്. ബാക്കി 43.5806 ദശലക്ഷം യൂണിറ്റും കേന്ദ്ര പൂളില്‍ നിന്നുള്ള വിഹിതവും പുറമെ നിന്ന് പണം നല്‍കി വാങ്ങിയതുമാണ്.
ഇടവിട്ട് പല ജില്ലകളിലും മഴ ലഭിക്കുമ്പോഴും വൈദ്യുതി ഉപഭോഗം കുറയാത്തത് തിരിച്ചടിയാകുന്നുണ്ട്. അധികമായി വരുന്ന വൈദ്യുതി ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയാണ് നിലവില്‍ ചെയ്യുന്നത്.
ഇടുക്കിയില്‍ 48.62 ശതമാനം
തൊടുപുഴ: ഇടുക്കിഡാമില്‍ 48.619 ശതമാനം വെള്ളമാണുള്ളത്. ഇന്നലെ രാവിലെ 7ന് അവസാനിച്ച ദിവസത്തില്‍ 2353.28 അടിയാണ് ജലനിരപ്പ്. ഹൈറേഞ്ച് മേഖലയില്‍ ശക്തമായ മഴ തുടരുന്നതാണ് ജലനിരപ്പുയരാന്‍ കാരണം.
കഴിഞ്ഞ വര്‍ഷം ഇതേ സമയം 2351.06 ആയിരുന്നു ജലനിരപ്പ്, 46.923 ശതമാനം. 5.43 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ 21.201 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്ക് ആവശ്യമായ വെള്ളം ഒഴുകിയെത്തി.
















