തിരുവനന്തപുരം: നോക്കുകൂലി തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. വികസന പദ്ധതികള്‍ നടപ്പാക്കുന്നത് തടയുന്നവര്‍ക്കെതിരെ നടപടി വേണം. മാലിന്യസംസ്കരണത്തിനായി അടിയന്തിരമായി സ്ഥലം കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി കളക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയത്.
നോക്കുകൂലി പോലെയുള്ള പ്രശ്നങ്ങളിലൂടെ പദ്ധതികള്‍ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വികസന പദ്ധതികളെ തുരങ്കം വയ്‌ക്കാനുള്ള ശ്രമം എന്ന നിലയ്‌ക്കാകും സര്‍ക്കാര്‍ ഇത്തരം ചെയ്തികളെ നേരിടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോക്കുകൂലിയ്‌ക്കെതിരെ പൊതു സമൂഹത്തില്‍നിന്നുതന്നെ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളത്തിലെ പ്രശസ്തനായ ഒരുവ്യവസായി തന്റെ കമ്പനിയിലേക്കുവന്ന സാധനങ്ങള്‍ നോക്കുകൂലിക്കെതിരെ പ്രതിഷേധിച്ച് സ്വയം ഇറക്കിയത് വലിയ വാര്‍ത്തയായിരുന്നു.
പണിയെടുക്കാതെ അവകാശങ്ങളുടെപേരില്‍ നോക്കുകൂലി വാങ്ങാന്‍പോലും മൗനാനുവാദം നല്‍കിയത് ആദ്യം സിപിഎം തന്നെയാണ്. ഒരുവഴിക്കു വിമര്‍ശിക്കുകയും മറുവഴിക്കു നിശബ്ദാനുവാദം നല്‍കുകയുമായിരുന്നു ഇത്തരം നേതാക്കള്‍.
















