തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ദേവികുളം എംഎല്‍എ എസ്. രജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും നിവേദനം നല്കി. വ്യാപാരി പ്രതിനിധികളും സിപിഐ പ്രതിനിധികളും സംഘത്തില്‍ ഉണ്ടായിരുന്നു.
മൂന്നാറില്‍ പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേ നടത്താന്‍ പാടുള്ളുവെന്ന് ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്കി. ഇതേത്തുടര്‍ന്ന് കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അടക്കം ട്രൈബ്യുണലിലുള്ള പാരാതികളില്‍ സര്‍ക്കാര്‍ അഭിഭാഷകന് കര്‍ശന നിലപാട് കൈക്കൊണ്ടു.
ട്രൈബ്യൂണലില്‍ അഭിഭാഷകന് സ്വീകരിച്ച നിലപാട് തിരുത്തണമെന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. നിലപാട് മാറ്റിയില്ലെങ്കില്‍ അഭിഭാഷകനെ മാറ്റണമെന്നും റവന്യുമന്ത്രിയോട് എംഎല്‍എ ആവശ്യപ്പെട്ടു. നിവേദക സംഘം നല്കിയ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. സര്‍ക്കാര്‍ നിലപാട് തന്നെയാണ് അഭിഭാഷകന് കോടതിയില്‍ സ്വീകരിച്ചത് എന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.
















