തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവാദ ഭൂമി ഇടപാടുകളില്‍പ്പെട്ട കരുണ എസ്റ്റേറ്റിന്റെ നികുതി സ്വീകരിക്കാനുള്ള നടപടി റദ്ദാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണ്തീരുമാനം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
വിവാദ ഭൂമിയിടപാടുകളെക്കുറിച്ച് പഠിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് നടപടി. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി. 2016 ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെയുളള യുഡിഎഫ് മന്ത്രിസഭായോഗങ്ങളിലെ ഭൂമി ഇടപാടുകളെക്കുറിച്ച് പഠിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപസമിതിയെ നിയമിച്ചത്.
കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൈവശം വച്ചിരിക്കുന്ന 876 ഏക്കര്‍ ഭൂമി അനധികൃതമാണെന്നും അത് സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമിയാണെന്നും സര്‍ക്കാര്‍ നിയോഗിച്ച ലാന്റ് ബോര്‍ഡ് സെക്രട്ടറി മേരിക്കുട്ടി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടുകളെ അവഗണിച്ചായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ കരം ഒടുക്കാന്‍ അനുമതി നല്‍കിയത്.
















