കോട്ടയം: യെമനില്‍ ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര ഇടപെടല്‍ മൂലമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വളരെ അപകടം പിടിച്ച സ്ഥലത്തു നിന്ന് ഒരു ഇന്ത്യന്‍ പൗരനെ കേന്ദ്രസര്‍ക്കാര്‍ അറിയാതെ മോചിപ്പിക്കാന്‍ സാധിക്കുമോയെന്ന് കോട്ടയം പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം ചോദിച്ചു.
ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്ല ഇടപെടലാണ് നടത്തിയത്. സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണ് എല്ലാം നടന്നത്. വത്തിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്തതെന്ന ആദ്യപ്രസ്താവന ഒമാന്‍ പിന്നീട് തിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെയും വത്തിക്കാന്റെയും ഒമാന്റെയും ഉള്‍പ്പെടെ കൂട്ടായ ഇടപെടലുകളിലൂടെയാണ് മോചനം സാധ്യമായത്. ഇക്കാര്യത്തില്‍ സൗദി സര്‍ക്കാരിന് പ്രധാന പങ്കുണ്ട്. മൂന്ന് ദിവസം മുമ്പ് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചപ്പോള്‍ ഫാദറിന്റെ മോചനത്തിന് താമസമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹം മോചിതനായപ്പോള്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കുന്ന ഉത്തരവാദിത്വവും വിദേശകാര്യമന്ത്രി നിര്‍വഹിച്ചു. അതിന് ശേഷമുള്ള കാര്യങ്ങള്‍ ദൃക്‌സാക്ഷി വിവരണം പോലെ കൊടുക്കണമായിരുന്നോ എന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കണ്ണന്താനം ചോദിച്ചു.
നോട്ട് നിരോധനം പരാജയമായിരുന്നില്ലെന്ന് കണ്ണന്താനം പറഞ്ഞു. വന്‍തോതില്‍ കള്ളപ്പണമുണ്ടായിരുന്ന സാഹചര്യത്തില്‍ തിരിച്ചെത്തിയ 15.44 ലക്ഷം കോടിയുടെ നോട്ടുകള്‍ ബാങ്കിങ് സംവിധാനത്തിന് കീഴിലാക്കാന്‍ കഴിഞ്ഞു. നികുതിദായകരുടെയും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 25 ശതമാനമായി വര്‍ദ്ധിച്ചു. ശബരിപാത, വിമാനത്താവളം എന്നിവ യാഥാര്‍ത്ഥ്യമാകാന്‍ ഇച്ഛാശക്തിയാണ് വേണ്ടത്. ആദ്യം സ്ഥലം എടുത്ത് നല്‍കണം. റബ്ബര്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പുതിയ വാണിജ്യമന്ത്രി സുരേഷ് പ്രഭുവായി സംസാരിക്കും. നേരത്തെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേയും ഇക്കാര്യം വിശദമായി ധരിപ്പിച്ചിട്ടുണ്ട്.
















