തിരുവനന്തപുരം: മഹാബലിയുടെ പ്രതിമസ്ഥാപിക്കലുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചേരിപ്പോര് രൂക്ഷം. പ്രതിമയുടെ രൂപം മഹാബലിയുടെ കോമാളി വേഷം മതിയെന്ന് ആവശ്യപ്പെട്ട് സിപിഎം അംഗം രംഗത്ത് എത്തിയതോടെയാണ് വിവാദത്തിലായത്.
തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലാണ് മഹാബലിയുടെ പ്രതിമ സ്ഥാപിക്കുന്നത്. വെങ്കല പ്രതിമ സ്ഥാപിക്കാന്‍ അമ്പതുലക്ഷത്തോളം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യ പടിയെന്നോണം പ്രതിമ സ്ഥാപിക്കാന്‍ വേണ്ടിയുള്ള ഫൗണ്ടേഷന്‍ നിര്‍മ്മാണത്തിനും മറ്റുമായി ഒമ്പത് ലക്ഷം രൂപയുടെ കരാര്‍പണിക്കുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. ഇതിനിടയിലാണ് വിവാദവും അരങ്ങേറുന്നത്.
മഹാബലിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഇന്ന് നാം കാണുന്ന കോമാളി വേഷത്തിലുള്ള രൂപമല്ല തൃക്കാക്കരയില്‍ സ്ഥാപിക്കുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ വരച്ച് നല്‍കിയ ചിത്രത്തിലെ രൂപമായിരിക്കും സ്ഥാപിക്കുന്നത്.
തൃക്കാക്കരയില്‍ നടന്ന വാമനജയന്തി ആഘോഷത്തില്‍ പങ്കെടുക്കവെ ആണ് പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. പ്രജാതല്‍പ്പരനായ മഹാബലി സുന്ദരനും അരോഗദൃഢഗാത്രനുമായിരുന്നെന്നും പ്രയാര്‍ പറഞ്ഞു.
ഇതിനെതിരെയാണ് ബോര്‍ഡ്അംഗം സിപിഎമ്മിലെ രാഘവന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
കോമാളി രൂപത്തിലുള്ള മഹാബലിയെ സ്ഥാപിച്ചാല്‍ മതിയെന്നാണ് രാഘവന്റെ അഭിപ്രായം. പ്രതിമ സ്ഥാപിക്കുന്നതിനോടും അംഗത്തിന് യോജിപ്പില്ല. ബോര്‍ഡില്‍ വിശദമായ ചര്‍ച്ച വേണമെന്നും അംഗം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിമാ നിര്‍മ്മാണം അടുത്ത ബോര്‍ഡ് യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. മഹാബലിയുടെ രൂപം ഏതായിരിക്കണമെന്ന് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
















