തൊടുപുഴ: കുറിഞ്ഞി ഉദ്യാനത്തിലെ കുറിഞ്ഞിച്ചെടികള്‍ നശിക്കാന്‍ കാരണമായ തീ പടര്‍ന്നത് കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന്. ഇടുക്കിയിലെ പ്രമുഖ ജനപ്രതിനിധിയും ബന്ധുക്കളും ചില കോണ്‍ഗ്രസ് നേതാക്കളും കൈവശം വച്ചിരിക്കുന്ന ഭൂമിയാണിത്.
കൊട്ടാക്കമ്പൂര്‍ തട്ടാമ്പാറയ്‌ക്ക് മുകള്‍ഭാഗത്താണ് ഈ ഭൂമി. ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മൂന്നാര്‍ ഡിവൈഎസ്പി അന്വേഷണം നടത്തുന്നുണ്ട്.
രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയെന്നതാണ് കേസ്. ഇത്തരത്തില്‍ പോലീസ് അന്വേഷണം നടക്കുമ്പോള്‍ വിവാദ ഭൂമിയില്‍ ഉണ്ടായ തീപ്പിടിത്തത്തെക്കുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗവും ഒരു വിവരങ്ങളും ശേഖരിക്കാത്തത് ദുരൂഹമാണ്.
സംഭവം ഹൈക്കോടതിയെ അറിയിക്കാത്തത് നിയമലംഘനമാണ്. വസ്തുവിന്റെ ചുമതലക്കാരായ വനംവകുപ്പ് കാട്ടുതീ ഉണ്ടായി എന്നു കാണിച്ച് അപൂര്‍ണമായ എഫ്‌ഐആര്‍ തയ്യാറാക്കി നടപടി ഒഴിവാക്കുകയാണുണ്ടായത്. കത്തിയമര്‍ന്ന ഉദ്യാനത്തിന്റെ പരിധിയില്‍ കാട്ടുപോത്ത്, മ്ലാവ്, മയില്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ വസിക്കുന്നുണ്ട്.
കൂടാതെ വിവിധയിനം അപൂര്‍വ്വ സസ്യങ്ങളുമുണ്ട്. കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമിയില്‍ നിന്ന് ആരംഭിച്ച തീ ജണ്ടപ്പാറ വരെയുള്ള മുന്നൂറോളം ഏക്കര്‍ പ്രദേശത്ത് എത്തി. തീപടര്‍ന്ന ഭാഗത്ത് ഗ്രാന്റീസ് മരങ്ങളുടെ താഴ്ഭാഗവും കുറിഞ്ഞി ചെടികളും നശിച്ചു. പാറപ്പുറത്ത് നിന്ന ചെടികള്‍ മാത്രമാണ് തീ പടര്‍ന്ന ഭാഗത്ത് അവശേഷിക്കുന്നത്. ഈ ചെടികള്‍ പൂത്ത് തുടങ്ങിയിട്ടുണ്ട്.
















