തിരുവനന്തപുരം: നാടാകെ ഉണ്ണിക്കണ്ണന്മാര്‍ പീലിത്തിരുമുടിയും ഓടക്കുഴലുമായി ഭക്തിയും സ്‌നേഹവും പടര്‍ത്തി. അണിഞ്ഞൊരുങ്ങിയ ഗോപികമാര്‍ ശോഭായാത്രയില്‍ അഴകു വിടര്‍ത്തി. ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്‌ത്തിരികള്‍ തെളിച്ചുകൊണ്ട് നാടും നഗരവും അമ്പാടിയായി. സംസ്ഥാനത്തെമ്പാടും ശോഭായാത്ര ഉള്‍പ്പെടെയുള്ള വിവിധ ആഘോഷ പരിപാടികളൊടെയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്.
‘സുരക്ഷിതബാല്യം സുകൃതഭാരതം’ എന്ന സന്ദേശമുയര്‍ത്തി ബാലദിനമായാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നഗര, ഗ്രാമ വ്യത്യാസമില്ലാതെ പതിനായിരത്തോളം ശോഭായാത്രകളാണ് നടന്നത്. ശോഭയാത്രകളില്‍ ദ്വാപര യുഗ സ്മരണകളുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങളും, ശ്രീകൃഷ്ണ-ഗോപികാ വേഷങ്ങളും അണിനിരന്നു. പുല്ലാങ്കുഴല്‍ നാദങ്ങള്‍ തെരുവുകളില്‍ സംഗീത മഴ ചൊരിഞ്ഞു. ഭജനസംഘങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ജനപഥങ്ങളെ ഭക്തിസാന്ദ്രമാക്കി
പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടന്നത്. ശ്രീകൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞു. കണ്ണനെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു.
അമ്പലപ്പുഴ, നെയ്യാറ്റിന്‍കര, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മമ്പുള്ളി, കൊടുന്തറ തുടങ്ങി അനേകം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി കൊണ്ടാടി. പ്രസിദ്ധമായ അഷ്ടമിരോഹിണി ആറന്മുള വള്ളസദ്യ ഇന്നലെ നടന്നു. 42 കരകളില്‍നിന്നുള്ള പള്ളിയോടങ്ങളാണ് വള്ളസദ്യയില്‍ പങ്കെടുത്തത്.
















