നാദാപുരം: പകര്ച്ചപ്പനിക്കിടെ നാദാപുരത്ത് ഡിഫ്ത്തീരിയയും സ്ഥിരീകരിച്ചു. നാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ച രണ്ടു പേരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുടുംബങ്ങളിലാണ് രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന വിശദീകരണം. ഇതേ തുടര്‍ന്ന് മേഖലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ് നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിരണ്ടു വാര്‍ഡുകളിലായി പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത ഇരുനൂറിലധികം കുട്ടികളുടെ ലിസ്റ്റു തയാറാക്കിയിരുന്നു.
നിരന്തര ബോധ വല്‍ക്കരണം നടത്തിയിട്ടും ആളുകള്‍ കുത്തിവെപ്പിനോട് വിമുഖത കാണിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതേ തുടര്‍ന്ന് രണ്ടായിരത്തി പതിനാലിലെ ആരോഗ്യ വകുപ്പ് നടത്തിയ പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതല പ്രചരണം ഉദ്ഘാടനം നാദാപുരത്തു വെച്ചാണ് നടത്തിയത്. അന്നത്തെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തും നാദാപുരം വലിയ ജുമുഅത്ത്പള്ളി ഇമാമും ചേര്‍ന്ന് തുള്ളി മരുന്ന് വിതരണം നടത്തിബോധവല്ക്കരണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല . രോഗ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രദേശത്ത് കുത്തിവെപ്പ് സ്വീകരിക്കാത്ത കുട്ടികളുടെ വിവരം ശേഖരിച്ചുതുടങ്ങിയിട്ടുണ്ട് . അതിനിടെ രോഗം ബാധിച്ച പരിസരത്തെ വീട്ടുകാര്‍ക്കായി കഴിഞ്ഞ ദിവസം നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചെങ്കിലും രോഗ ബാധിതരുടെ വീട്ടില്‍ നിന്നുപോലും ആരും എത്തിയില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ മാസം പ്രതിരോധ പ്രവര്‍ത്തനം നടത്തിയ പതിനാറാം വാര്‍ഡിലാണ് രോഗം ഇപ്പോള്‍ സ്ഥിരീകരിച്ചത്. ടി.ഡി വാക്സിന് എന്ന മരുന്നാണ് ചികിത്സക്കായി നല്‍കുന്നത്.
മൂന്നു തവണയായി മരുന്നുകുത്തിവെക്കേണ്ടതാണ്. ആദ്യത്തെ കുത്തിവെപ്പിന് ശേഷം മുപ്പതാം ദിനവും പിന്നീട് ആറുമാസം കഴിഞ്ഞുമാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത് .എന്നാല്‍ ആരോഗൃവകുപ്പ് വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് രോഗം വീണ്ടും തിരിച്ചുവരാന്‍ കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: