ന്യൂദല്‍ഹി: ബി.ജെ.പി യുപി ഘടകം അധ്യക്ഷനായി മുതിർന്ന ബിജെപി നേതാവ് മഹേന്ദ്രനാഥ് പാണ്ഡേയെ നിയമിച്ചു. സംസ്ഥാന അധ്യക്ഷനായ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കു പകരമാണു നിയമനം.
ചന്ദൗലിയില്‍ നിന്നുള്ള ലോക്സഭാംഗമായ മഹേന്ദ്രനാഥ് പാണ്ഡെയുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്ന് ബിജെപി കേന്ദ്ര ഘടകം വ്യക്തമാക്കുന്നു. 2019ൽ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളും നേടിയെടുക്കാൻ പരമാവധി ശ്രമിക്കുമെന്ന് മഹേന്ദ്രനാഥ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം പറഞ്ഞു.
1978 കാലം മുതൽക്കെ മഹേന്ദ്ര നാഥ് പാണ്ഡെ ആർഎസ്എസിന്റെ സജീവ പ്രവർത്തകനാണ്. ജേണലിസത്തിൽ പിജി കരസ്ഥമാക്കിയ അദ്ദേഹം ഹിന്ദിയിൽ പിഎച്ച്ഡിയും നേടിയെടുത്തിട്ടുണ്ട്. രണ്ട് തവണ എംഎൽഎ സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി അദ്ദേഹം കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
















