കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രാടം നിറയ്‌ക്ക് ഒരുക്കങ്ങളായി. ഭൂരിപക്ഷം ക്ഷേത്രങ്ങളിലും കര്‍ക്കടക മാസത്തിലെ തിരുവോണ ദിവസമാണ് നിറയും പുത്തരിയും ആഘോഷിക്കുന്നത്. എന്നാല്‍ കുമാരനല്ലൂര് നിറ ചിങ്ങമാസത്തെ ഉത്രാടത്തിനും പുത്തരി നിവേദ്യം തുലാമാസ സംക്രമദിനത്തിലുമാണ് നടക്കുന്നത്. മാഞ്ഞൂര്‍ തൃക്കൈകണ്ടത്തില്‍ നിന്ന് കൊണ്ടുവരുന്ന കതിര്‍ക്കറ്റകള്‍ കിഴക്കേ ഗോപുര നടയില്‍ സ്വീകരിച്ച് കൊണ്ട് പോയി അകത്ത് മണ്ഡപത്തില്‍ പൂജിക്കും. തുടര്‍ന്ന് ദേവിയുടെയും മറ്റ് ദേവന്മാരുടെയും നടയില്‍ നിറച്ച ശേഷം ഭക്തജനങ്ങള്‍ക്ക് കതിരുകള്‍ വീടുകളില്‍ കൊണ്ട് വച്ച് നിറയ്‌ക്കുന്നതിന് നല്‍കും. തുലാമാസത്തിലെ സംക്രമദിനത്തില്‍ ചതുര്‍വിഭവങ്ങളും പഴപ്രഥമനുമായി ദേവിയ്‌ക്ക് പുത്തരി നിവേദ്യ സദ്യ നടത്തും.
















