ചണ്ഡീഗഡ്: കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടു പോകും വഴി ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് രാം റ ഹീം സിങ്ങിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്. പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി ഗുര്‍മീതിനെ കടത്തി കൊണ്ടു പോവാന്‍ ആയുധങ്ങളേന്തിയ അനുയായികളെത്തിയെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ തന്ത്രപൂര്‍വ്വമായ ഇടപെടലിലൂടെ നീക്കംപൊളിക്കുകയായിരുന്നുവെന്ന് ഹരിയാന പോലീസ് ഐജി കെ. കെ. റാവു പറഞ്ഞു.
ശിക്ഷ വിധിച്ച ഉടനെ സംസ്ഥാനത്തങ്ങോളമിങ്ങോളം അക്രമം അഴിച്ചുവിടാനും ഗുര്‍മീതിന്റെ അനുയായികള്‍ പദ്ധതിയിട്ടിരുന്നു. ഗുര്‍മീത് തന്റെ കൈവശം കരുതിയിരുന്ന ചുവന്ന പെട്ടി അക്രമം നടത്തുന്നതിന് അനുയായികള്‍ക്ക് സൂചന നല്‍കാനായിരുന്നുവെന്നും വിധി വന്നു കഴിഞ്ഞാല്‍ നടത്തേണ്ട കാര്യങ്ങളെ കുറിച്ച് വലിയ ഗൂഢാലോചന തന്നെ ഗുര്‍മീത് നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
വസ്ത്രങ്ങള്‍ പെട്ടിയിലുണ്ടെന്നു പറഞ്ഞ് കോടതി ശിക്ഷ വിധിച്ച ഉടന്‍ തന്നെ പോലീസിനോട് തന്റെ പെട്ടി കൊണ്ടുവരണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. പെട്ടി കൊണ്ടുവന്ന ഉടന്‍ തന്നെ അനുയായികള്‍ കോടതിക്ക് പുറത്ത് നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു.
അക്രമത്തിനുള്ള സന്ദേശം ഗുര്‍മീത് നല്‍കുകയായിരുന്നുവെന്ന് അപ്പോഴാണ് പോലീസിന് വ്യക്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുര്‍മീതും മകളും കോടതി വരാന്തയിലിരുന്ന് ദീര്‍ഘനേരം സംസാരിച്ചപ്പോള്‍ തന്നെ പോലീസ് അത് വിലക്കിയിരുന്നു. ഈ സംസാരത്തില്‍ പന്തികേട് തോന്നിയതിനാലാണ് അദ്ദേഹത്തെ കൊണ്ടു പോയ വാഹനം മാറ്റിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിധിക്ക് ശേഷം പോലീസ് വാഹനത്തില്‍ ഗുര്‍മീത് കയറിയതും മറ്റൊരു വാഹനം കുറുകെ വന്ന് തടഞ്ഞുവെന്നും തങ്ങളുടെ പിതാജിയെ വെറുതെ വിടണമെന്ന് വാഹനത്തിലെത്തിയ ആയുധധാരികള്‍ ആവശ്യപ്പെട്ടെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ പോലീസ് സേനയെത്തി ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.
















