പനച്ചിക്കാട്: ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി കലാപരിപാടികള്‍ ഇത്തവണ 12 ദിവസം ഉണ്ടാകും. അപേക്ഷകള്‍ വര്‍ദ്ധിച്ചതാണ് കാരണം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ നവരാത്രി മഹോത്സവത്തില്‍ രണ്ടു ദിവസംകൂടി കലാകാരന്മാര്‍ക്ക് കലാ ഉപാസന നടത്തുന്നതിന് അവസരമാണ് ഒരുക്കിയിരിക്കുന്നത്.
സപ്തംബര്‍ 21 മുതല്‍ ആരംഭിച്ച് 30 വിജയദശമിയോടുകൂടി സമാപിക്കുമെങ്കിലും കലോപാസകരുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് ഉപാസനക്കുള്ള സൗകര്യം ഒക്ടോബര്‍ 1, 2 തീയതികളിലാണ് സൗകര്യപ്പെടുത്തിയിരിക്കുന്നത്.
സപ്തംബര്‍ 28 ദുര്‍ഗാഷ്ടമി ദിവസം വിശിഷ്ട ഗ്രന്ഥങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയും ഗ്രന്ഥം എഴുന്നള്ളത്തും പൂജവെയ്‌പ്പും നടക്കും. 29നാണ് മഹാനവമി ദര്‍ശനം. 30ന് വിജയദശമി ദിനത്തില്‍ രാവിലെ 4ന് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കമാകും. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കലാമണ്ഡപത്തില്‍ രാപ്പകല്‍ ഭേദമെന്യേ വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതോടൊപ്പം ദേശിയ സംഗീത നൃത്തോത്സവവും നടക്കും.
















