1.ഏലപ്പട്ടയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കോട്ടേജ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നു 2.മൂന്നേക്കര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കൃത്രിമ തടാകം
ഇടുക്കി: മുന്‍ മന്ത്രിയുടെ ബന്ധു റവന്യൂ ഭൂമി കൈയേറി കൃത്രിമ തടാകം നിര്‍മ്മിച്ചു. ആനവിരട്ടി വില്ലേജില്‍ പെടുന്ന ഭാഗത്താണ് മൂന്നേക്കര്‍ സ്ഥലത്ത് തടാകം നിര്‍മ്മിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
മന്ത്രിയുടെ ബന്ധു പീച്ചാട് എന്ന സ്ഥലത്ത് ഏലപ്പട്ടയത്തില്‍ ഫാംഹൗസും കോട്ടേജും നിര്‍മ്മിക്കുന്നതായി കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് ആനവിരട്ടി വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമമായി നിര്‍മ്മിച്ചിരിക്കുന്ന തടാകം കണ്ടെത്തിയത്.
ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം തടഞ്ഞുനിര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന തടാകത്തില്‍ ബോട്ടിങ് ആരംഭിക്കാന്‍ നീക്കം നടക്കുന്നതായി അയല്‍വാസികള്‍ റവന്യൂ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത് പ്രദേശത്തെ പാരിസ്ഥിതിക സ്ഥിതിയെ ബാധിക്കും. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം കൈയേറ്റങ്ങള്‍ കണ്ടെത്താനും പരിശോധിക്കാനും സാഹചര്യമില്ല. വാഹന സൗകര്യമില്ലാതെ ഈ പ്രദേശത്ത് എത്താനും കഴിയില്ല.
പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒരുക്കിയ വാഹനത്തിലാണ് വില്ലേജ് ഓഫീസറും സംഘവും കൈയേറ്റ പ്രദേശങ്ങളില്‍ എത്തിയത്. റവന്യൂഭൂമിയില്‍ തടാകം നിര്‍മ്മിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കി ദേവികുളം സബ്കളക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.
















