കോട്ടയത്തു നടന്ന ധര്‍മ്മസംവാദത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു
കോട്ടയം: കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കും സന്യാസി ശ്രേഷ്ഠന്മാര്‍ക്കുമെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ ചെറുക്കപ്പെടണമെന്ന് ധര്‍മ്മസംവാദ ഹിന്ദുമഹാസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരികപാരമ്പര്യത്തിന് വിരുദ്ധമായ ഒട്ടേറെ സംഭവങ്ങള്‍ സംസ്ഥാനത്തുടനീളം അരങ്ങേറുന്നതില്‍ തിരുനക്കര ക്ഷേത്രമൈതാനിയിലെ ശിവശക്തി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ദേശവിരുദ്ധവും, ആചാരവിരുദ്ധവുമായ പ്രചാരണങ്ങള്‍ക്കൊപ്പം ഹൈന്ദവമത വിശ്വാസങ്ങള്‍ക്കെതിരെ നിന്ദ്യവും നീചവുമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നവര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ സംരക്ഷിക്കപ്പെടുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സമുന്നത ഹൈന്ദവ പാരമ്പര്യത്തിന്റെ പിന്‍മുറക്കാരെന്ന മേല്‍വിലാസത്തില്‍ ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും ഹിന്ദുസമൂഹത്തെ ഒറ്റുകൊടുക്കുന്ന ചില ഹൈന്ദവനാമധാരികളുടെ യഥാര്‍ത്ഥചിത്രം ഇനിയും പുറത്തുവരേണ്ടതുണ്ട്. ക്ഷേത്രഭരണം കൈപ്പിടിയിലാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ ആത്മീയപ്രഭാഷണ വേദികളെപ്പോലും സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള കരുനീക്കങ്ങളാണ് നടന്നുവരുന്നത്.
കേരളത്തിന്റെ ഒരു പ്രദേശത്ത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന അക്രമസംഭവങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചുവരുന്നത് യാദൃച്ഛികമെന്ന് കരുതാനാവില്ല. ലൗ ജിഹാദിന് വളക്കൂറുള്ള മണ്ണായി കേരളത്തെ രൂപാന്തരപ്പെടുത്തുന്നതിനുള്ള കുത്സിത നീക്കങ്ങളിലെ അവസാനത്തെ ഉദാഹരണമാണ് വൈക്കം സംഭവം. ഹൈന്ദവ സമാജതാത്പര്യങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന എല്ലാത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാരും മാധ്യമങ്ങളും ഇതരമതസ്ഥരും പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ ഭദ്ര ദീപപ്രകാശനം നടത്തിയ സമ്മേളനത്തില്‍ സ്വഗതസംഘം ചെയര്‍മാന്‍ എന്‍. രാജഗോപാല്‍ അദ്ധ്യക്ഷനായി. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ധര്‍മ്മ സംവാദത്തിന് നേതൃത്വം നല്‍കി. വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ എ. കേരളവര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
















