കോട്ടയം: പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തിയ എംജി സര്‍വ്വകലാശാലയുടെ നടപടി പാരലല്‍ വിദ്യാഭ്യാസ മേഖലയ്‌ക്ക് ഇരുട്ടടിയായി. പിജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഫീസ് 975 രൂപയില്‍ നിന്ന് 2475 രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്.
ബിരുദത്തിന് 1475 രൂപയില്‍ നിന്ന് 1975 രൂപയിലേക്ക് ഉയര്‍ത്തി. ഇതിന് പുറമേ പരീക്ഷാ ഫീസും അടയ്‌ക്കണം. 2013-ല്‍ ബിരുദ കോഴ്‌സിന്റെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഫീസ് 575 രൂപയില്‍ നിന്ന് 1475 രൂപയായും പിജിയുടെ ഫീസ് 675 രൂപയില്‍നിന്ന് 975 രൂപയായിട്ട് ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും നിരക്ക് ഉയര്‍ത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് പാരലല്‍ മേഖലയില്‍ വരുന്നത്.
ഫീസ് വര്‍ദ്ധന ഇവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. അതേസമയം ഫീസ് വര്‍ദ്ധിപ്പിച്ച സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടത്താറില്ല. 2015-16 വര്‍ഷം പിജികോഴ്‌സ് പൂര്‍ത്തിയായവരുടെ ഫലം ഒന്നരവര്‍ഷമായിട്ടും പുറത്ത് വന്നിട്ടില്ല. 2017 മാര്‍ച്ചില്‍ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ കൃത്യമായി നടത്തിയെങ്കിലും റഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഫലം മാത്രമാണ് പ്രസിദ്ധീകരിച്ചത്.
















