കണ്ണൂര്‍:മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. നഗരസഭയിലെ അഴിമതി മൂടിവെക്കാന്‍ ഇരുമുന്നണികളും പരസ്പര ധാരണയോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബിജെപിക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും പര്‌സ്പരം വോട്ട് മറിച്ച് നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫിന് വോട്ട് മറിച്ച് കൊടുത്തതിന് പ്രത്യുപകാരമായി ടൗണ്‍ വാര്‍ഡില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് യുഡിഎഫിനും വോട്ട് നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ജില്ലാ നേതൃത്വത്തിന്റെ ധാരണപ്രകാരമാണ് വോട്ട് കൈമാറ്റം നടന്നത്. ഒന്‍പത് വാര്‍ഡുകളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തിയത് ജനവിശ്വാസം ഭീമമായി വര്‍ദ്ധിച്ചതിന്റെ സൂചനയാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും പരസ്പര ധാരണയോടെ ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച് പൊതുസമൂഹത്തോട് വിശദീകരിക്കാന്‍ ഇരു പാര്‍ട്ടി നേതൃത്വവും തയ്യാറാകണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു.
















