കണ്ണൂര്‍: ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 28 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി പരാതി. കര്‍ണ്ണാടക ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലെ ലോക്കറില്‍ നിന്നും സ്വര്‍ണ്ണം കാണാതായി എന്ന് കാണിച്ച് ഒണ്ടേന്‍ റോഡിലെ എംജെഎസ് ഹൗസില്‍ മണിയന്റെ ഭാര്യ ജയശ്രീയാണ് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. മകളുടെ വീടിനടുത്ത് നടന്ന വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ മെയ് 24ന് ജയശ്രീ തന്റെ ബേങ്ക് ലോക്കറില്‍ നിന്നും 15 പവന്‍ സ്വര്‍ണ്ണാഭരണം എടുത്തിരുന്നു. ജൂണ്‍ 6ന് ഇവ തിരിച്ച് ലോക്കറില്‍ തന്നെ വെക്കുകയും ചെയ്തിരുന്നു.
ബാങ്കില്‍ നിന്നും വീട്ടിലേക്കുള്ള വഴിമധ്യേ ലോക്കറിന്റെ താക്കോല്‍ നഷ്ടപ്പെട്ടു. ഉടന്‍ ബാങ്ക് അധികൃതര്‍ക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് ജൂണ്‍ 20ന് ബാങ്ക് അധികൃതരുടെ സാന്നിധ്യത്തില്‍ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത് എന്ന് പരാതിയില്‍ പറയുന്നു. ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസ് കേസ് അന്വേഷിച്ചുവരുന്നു.
















