ഭോപ്പാല്‍: തടവുകാരനായ അച്ഛനെ കാണാന്‍ ജയിലിലെത്തിയ മക്കളുടെ മുഖത്ത് അധികൃതര്‍ സീല്‍ പതിപ്പിച്ചത് വിവാദമായി. മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് അധികൃതരുടെ അപഹാസ്യമായ ഈ പ്രവൃത്തി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ ഡിജിപിയോട് വിശദീകരണം തേടി.
പ്രായപൂര്‍ത്തിയാകാത്ത ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് അച്ഛനെ കാണാന്‍ ജയിലിലെത്തിയത്. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖത്ത് സീല്‍ പതിച്ചത് ദുരുദ്ദേശപരമായല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതാകാമെന്നുമാണ് ജയില്‍ അധികൃതരുടെ വാദം.
അതേസമയം, ജയില്‍ അധികൃതരുടെ നടപടിയെ അപലപിക്കുന്നതായും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജയില്‍ മന്ത്രി കുസും മെഹ്‌ദെലെ പറഞ്ഞു.
















