തൃശൂര്‍: കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജയന്തിയോടനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ 31ന് വൈകീട്ട് വിശാലഹിന്ദുസമ്മേളനവും ധര്‍മ്മസംവാദവും നടക്കും.
സ്വാമി ചിദാനന്ദപുരി സമ്മേളനത്തെ അഭിസംബോധന ചെയ്യും. വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് എല്ലാ ജില്ലകളിലും ധര്‍മ്മസംവാദം സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹിയായ വി.കെ.വിശ്വനാഥന് പറഞ്ഞു.
സനാതനധര്‍മ്മത്തിന്റെ വിശിഷ്ടമായ ജ്ഞാനവും സാംസ്കാരിക മൂല്യങ്ങളും പ്രചരിപ്പിക്കുകയാണ് ധര്‍മ്മസംവാദത്തിന്റെ ലക്ഷ്യം. ശ്രോതാക്കളുമായി സ്വാമി ആശയവിനിമയം നടത്തും. പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 20 വരെ ജില്ലയിലെ ആയിരത്തോളം കേന്ദ്രങ്ങളില്‍ കുടുംബ യോഗങ്ങള്‍ നടക്കും. 27ന് രാവിലെ പ്രഭാതഭേരിയും പതാക ഉയര്‍ത്തലും നടക്കും.
ആഗസ്റ്റ് 31ന് വൈകീട്ട് മൂന്നിന് ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍, സേവാട്രസ്റ്റുകള്, ആശുപത്രികള്‍ തുടങ്ങിയ ഹിന്ദുസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമം വൃന്ദാവന്‍ പാലസ്സില്‍ നടക്കും. വൈകീട്ട് അഞ്ചിന് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.ഷണ്മുഖാനന്ദന്, മുഖ്യ സംയോജകന്‍ കെ.സുരേഷ്കുമാര്‍, പി.എസ്.രഘുനാഥ്, പി.സുധാകരന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: