കൊല്ലം: കോര്പ്പറേഷന് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ രംഗത്തെത്തി. ഇന്നലെ നടന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മിലെ മോഹനനാണ് പൊതുചര്‍ച്ചയില്‍ വിഷയം ഉന്നയിച്ചത്. ഉദ്യോഗസ്ഥരുടെ മനോഭാവത്തേയും നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹത്തെ പിന്തുണച്ച് പ്രതിപക്ഷത്തിനിന്നും മീനാകുമാരിയും രംഗത്തെത്തി.
വൈദ്യുതിപോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ അപേക്ഷ കൊടുത്തിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥന്റെ പൊടിപോലുമില്ലെന്നായിരുന്നു മീനാകുമാരിയുടെ പരാതി. എപ്പോള്‍ ഓഫീസില്‍ വന്നാലും ഈ ഉദ്യോഗസ്ഥന് ചായകുടിക്കാന്‍ പോയി എന്നാണ് പല്ലവിയെന്നും അവര്‍ പറഞ്ഞു. 500 ജീവനക്കാരുള്ള ഓഫീസായിട്ടും കസേരകളില്‍ ആരുമില്ലാത്ത ദുരിതപൂര്‍ണമായ അവസ്ഥയാണെന്നും അപേക്ഷകര്‍ മണിക്കൂറുകളോളം ഓഫീസറെ കാത്തുനില്‍ക്കുകയാണെന്നും മോഹനന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസാരിച്ച രാജേന്ദ്രനും രാജ്മോഹനും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. താന്‍കൊടുത്ത അപേക്ഷകള്‍ ആറുമാസമായിട്ടും ഓഫീസര്‍ നോക്കിയിട്ടില്ലെന്നും പിഡബ്ല്യുഡി വിഭാഗത്തിലെ ഈ ഉദ്യോഗസ്ഥനെ തിരക്കിവന്നാല്‍ ഏത് സമയത്തും നിസ്കരിക്കാന്‍ പോയി എന്നാണ് മറുപടി ലഭിക്കുന്നതെന്നും രാജേന്ദ്രന് പരാതിപ്പെട്ടു. സമയകൃത്യത പാലിക്കാത്ത ഉദ്യോഗസ്ഥരുടെ സമീപനം കോര്പ്പറേഷന് ഭരണത്തെ കൂടി പരിഹാസ്യമാക്കുന്നതായി രാജ്മോഹന്‍ ചൂണ്ടിക്കാട്ടി. രാവിലെ 10.30ന് എടുത്ത ശൂന്യമായ ഓഫീസിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് മേയര്‍ ഓഫീസില്‍ വന്നാലും ജീവനക്കാര്‍ ഓഫീസിലെത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡിവിഷനിലെ റോഡ് ശരിയാക്കാനുള്ള ഫയല്‍ ഒന്നര വര്‍ഷമായി ഇത്തരം ഉദ്യോഗസ്ഥരുടെ കൈയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗണ്‍സിലര്‍മാര്‍ കൊടുത്ത നൂറുകണക്കിന് അപേക്ഷകള്‍ ഉദ്യോഗസ്ഥരുടെ അലമാരയില്‍ വിശ്രമിക്കുകയാണെന്ന് സിപിഐയിലെ ഹണിബഞ്ചമിന്‍ പറഞ്ഞു.
തേവള്ളി ഡിവിഷനില്‍ വാട്ടര്‍ അതോറിട്ടി വെള്ളം നല്‍കുന്നില്ലെന്ന് ബിജെപിയുടെ ബി.ഷൈലജ പറഞ്ഞു. ജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തില്‍ മേയര്‍ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.
ഓണം അടുത്ത സാഹചര്യത്തില്‍ നഗരത്തിലെ ഗതാഗത സ്തംഭനം ഒഴിവാക്കാനും വാഹന പാര്‍ക്കിങിന് ക്രമീകരണം ഏര്‍പ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ഹഫീസ് ആവശ്യപ്പെട്ടു. നഗരത്തില്‍ തെരുവുകച്ചവടക്കാര്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഇത് നിയന്ത്രിച്ചില്ലെങ്കില്‍ 10 ദിവസത്തിനകം ഗതാഗത സ്തംഭനം രൂക്ഷമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണത്തിനു മുമ്പ് ബീച്ചിലെ എല്ലാ കൈയേറ്റങ്ങളും നീക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു. 40 പേര്‍ക്ക് ഒരേ മാതൃകയിലുള്ള ബങ്ക് നല്കാന് തീരുമാനമായിട്ടുണ്ട്. തേവള്ളിയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കാമെന്നും ആക്കോലില്‍ ശ്മശാനം പ്രവര്‍ത്തനസജ്ജമാക്കുമെന്നും അവര്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അഭാവമാണ് കോര്പ്പറേഷന് നേരിടുന്ന പ്രതിസന്ധിയെന്ന് മേയര്‍ രാജേന്ദ്രബാബു മറുപടി നല്കി. പ്രധാനപ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ റിട്ടയര്‍ചെയ്തു. 67 ജീവനക്കാരുടെ ഒഴിവുകളുണ്ട്.
സര്‍ക്കാരാണ് നിയമനം നടത്തേണ്ടത്. നിലവിലുള്ള ഉദ്യോഗസ്ഥരില്‍ ചെറിയ വിഭാഗം പണിചെയ്യാത്തവരായി ഉണ്ട്. എന്നാല്‍ അവധിദിവസങ്ങളില്‍ പോലും ജോലിയെടുക്കുന്ന നല്ല ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷനില്‍ ഉണ്ടെന്നും അദ്ദേഹം ചര്‍ച്ചയ്ക്ക് മറുപടിയായി പറഞ്ഞു. ഓണപരീക്ഷയ്ക്കുശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് വിപുലമായ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കും. 55 ഡിവിഷനുകളില്‍ നിന്നും പ്രാതിനിധ്യം ഉണ്ടാകണമെന്നും ഓണക്കാലത്ത് ഗതാഗതം സുഗമമാക്കാന്‍ ട്രാഫിക് കമ്മിറ്റി ഉടന്‍ വിളിച്ചുകൂട്ടുമെന്നും മേയര്‍ അറിയിച്ചു.
പൊതുചര്‍ച്ചയില്‍ സഹൃദയന്, സോനിഷ, മീനാകുമാരി, സന്തോഷ്കുമാര്‍, ചിന്താ എല്‍.സജിത്, എസ്.ആര്.ബിന്ദു, റീനാസെബാസ്റ്റ്യന്, ഗിരിജ, വി.എസ്.പ്രിയദര്ശനന്, ഗീതാകുമാരി, എസ്.ജയന്, ഉദയാസുകുമാരന്‍, എം.എ.സത്താര്‍, നിസാറുദ്ദീന്‍, രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: