കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലേയ്‌ക്ക് 8ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കുറ്റവും അഴിമതിയും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി, കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 145 മുതല്‍ 155 വരെയും 159, 161, 162 എന്നി വകുപ്പുകള്‍ പ്രകാരവും ആരെങ്കിലും തെരഞ്ഞെടുപ്പ് കുറ്റങ്ങള്‍ ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പോലീസ് അധികാരികളെ അറിയിക്കേണ്ടതും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണ്.
പോളിംഗ് ദിവസം നഗരസഭയിലെ 35 ബൂത്തുകളിലും കമ്മീഷന്‍ ലൈവ് വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പുള്ള മോക് പോള്‍ മുതല്‍ വോട്ടെടുപ്പ് അവസാനിച്ച് ഇ.വി.എം.സീല്‍ ചെയ്യുന്നതുവരെയുള്ള വിവരങ്ങളാകും വെബ്കാസ്റ്റിംഗിലൂടെ ലഭിക്കുക. വോട്ടറെ തിരിച്ചറിയുന്നതിനുള്ള പരിശോ ധന, മഷി പുരട്ടല്‍, പോളിംഗ് ഏജന്റുമാരുടെ പ്രവര്‍ത്തനം, ബൂത്തിനുള്ളില്‍ നടക്കുന്ന മറ്റ് സംഭവങ്ങള്‍ എന്നിവയാകും ക്യാമറ പകര്‍ത്തുക. വോട്ടിംഗിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കാത്ത വിധത്തിലാകും ഇത്.
കൂടാതെ 35 ബൂത്തുകളിലും വീഡിയോ കവറേജ് നടത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബൂത്തുകളിലെ വോട്ടര്‍മാരുടെ നിര, സുരക്ഷ ജീവനക്കാരുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍, പരിസരത്തെ മറ്റ് സംഭവങ്ങള്‍ എന്നിവയാകും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്.
















