ബെംഗളുരു: കന്നഡ നടനും സെലിബ്രിറ്റി ക്രക്കറ്റിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ (35) അന്തരിച്ചു. ശനിയാഴ്‌ച്ച വീട്ടില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ധ്രുവിനെ ബെംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്‌ച്ച രാവിലെ മരണത്തിന് കീഴടങ്ങി.
ഹൃദയസ്തംഭനമാണ് മരണകാരണം. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളുമാണ് ധ്രുവിനുള്ളത്.
കേള്‍വി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ലാതിരുന്നിട്ടും തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് ധ്രുവ് സമ്പാദിച്ചത്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കിച്ചാ സുദീപിന്റെ ടീമായ കര്‍ണാടക ബുള്‍ഡോസേഴ്‌സ് താരമായിരുന്നു ധ്രുവ്. തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ സിസിഎല്ലിലും ധ്രുവ് ആരാധകരെ നേടിയെടുത്തു.
സ്‌നേഹാഞ്ജലി, ബാംഗ്ലൂര്‍ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സര്‍ക്കിള്‍, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.
















