കറുകച്ചാല്‍: ടിപ്പര്‍ ലോറിയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ്് സമീപത്തെ മതിലില്‍ ഇടിച്ചു കയറി. പത്തോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് കറുകച്ചാല്‍-മണിമല റോഡില്‍ നരിയാനിപൊയ്‌കയിലായിരുന്നു അപകടം. കറുകച്ചാലില്‍ നിന്നും നെടുംകുന്നം ഭാഗത്തേക്ക് പോകുയായിരുന്ന ടിപ്പര്‍ ലോറി റാന്നിയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയെങ്കിലും മുന്‍വശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാരെ നിസാര പരിക്കുകളോടെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം ഭാഗീകമായി തകര്‍ന്നു. പരിക്കേറ്റ യാത്രക്കാരെ കറുകച്ചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാട്ടുകാരോട് ആശുപത്രി അധികൃതര്‍ മുന്‍കൂറായി പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
















